നൂറ്റാണ്ടുകളോളം കിണറ്റില്‍ കഴിഞ്ഞ ആരല്‍മത്സ്യം ലോകത്തോട് വിടപറഞ്ഞു

Webdunia
തിങ്കള്‍, 11 ഓഗസ്റ്റ് 2014 (15:33 IST)
തെക്കന്‍ സ്വീഡനില്‍ ബ്രാന്റവിക് പട്ടണത്തിലെ ഒരു കിണറ്റില്‍ കഴിഞ്ഞിരുന്ന ലോകത്തെ ഏറ്റവും പ്രായമേറിയ ആരല്‍മത്സ്യങ്ങളുടെ ഗണത്തില്‍ പെടുന്ന ' ഏല്‍ ' എന്ന ഓമന പേരിലറിയപ്പെട്ട മുതുമുത്തച്ഛന്‍ ആരല്‍മത്സ്യം നൂറ്റിഅമ്പത്തിയഞ്ചാം വയസില്‍ ലോകത്തോട് വിടപറഞ്ഞു.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയിലെ ആ മത്സ്യം, ഇരുപതാം നൂറ്റാണ്ടും പിന്നിട്ട്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ് ഇപ്പോള്‍ യാത്രയായിരിക്കുന്നത്.

1859ല്‍ ഒരു കുട്ടിയാണ് മത്സ്യബന്ധന പട്ടണമായ ബ്രാന്റവികിലെ കിണറ്റില്‍ ആരല്‍മത്സ്യത്തെ നിക്ഷേപിച്ചത്. ഇവയ്ക്ക് സാധാരണ 15 മുതല്‍ 60 വര്‍ഷംവരെയാണ് ആയുസ്സ്. എന്നാല്‍ ഏല്‍ പ്രായത്തിന്റെ കാര്യത്തില്‍ സകലതും മറികടക്കുകയായിരുന്നു. ഏല്‍ലിനൊപ്പം കിണറ്റില്‍ കഴിയുന്ന മറ്റൊരു ആരലിന്റെ പ്രായം 110 വര്‍ഷമാണ്. ഇതോടെ ആരല്‍മത്സ്യത്തിന്റെ പ്രായം കണക്കുകള്‍ തെറ്റിച്ച് മുന്നേറുകയാണ്.

ആരല്‍മത്സ്യങ്ങള്‍ കഴിയുന്ന ഈ കിണറിന്റെ അരികിലെ വീട്ടില്‍ 1962 മുതല്‍ തോമസ് ആണ് താമസിക്കുന്നത്. സ്ഥലവും വീടും വാങ്ങിയ വേളയില്‍, കിണറ്റിലെ ആരലിന്റെ വാസത്തെ കുറിച്ച് മുന്‍ ഉടമസ്ഥര്‍ തന്നോട് പറഞ്ഞിരുന്നതായി അദ്ദേഹം അറിയിച്ചു.  

 ആരല്‍മത്സ്യത്തെ കാണാനെത്തിയവര്‍ക്കായി കഴിഞ്ഞ ദിവസം കിണറിന്റെ മൂടി നീക്കിയപ്പോഴാണ് മുതുമുത്തച്ഛന്‍ ആരല്‍ വിടപറഞ്ഞ കാര്യം നാട്ടുകാര്‍ അറിഞ്ഞത്. ദീര്‍ഘായുസ്സിന്റെ രഹസ്യം അറിയുന്നതിനായി മത്സ്യത്തിന്റെ ശരീരം ഇപ്പോള്‍ ശീതീകരണിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.