ഫിഡല്‍ കാസ്ട്രോയുടേത് ആഡംബര ജീവിതമായിരുന്നു?

Webdunia
ശനി, 24 മെയ് 2014 (17:25 IST)
ക്യൂബയുടെ മോചകനും ക്യൂബന്‍ ജനത ‘എല്‍ കമാന്റന്റ് ‘ എന്ന് വിളിക്കുന്ന ഇതിഹാസ പോരാളിയും ക്യൂബന്‍ വിപ്ലവ നായകനുമായിരുന്ന ഫിഡല്‍ കാസ്ട്രൊ നയിച്ചിരുന്നത് ആഡംബര ജീവിതമെന്ന് വെളിപ്പെടുത്തല്‍. ജുവാന്‍ റിയനാള്‍ഡോ സാന്‍ഷെസ് രചിച്ച 338 പോജുള്ള പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍ പുറത്തു വന്നത്.

ക്യൂബയുടെ തെക്കന്‍ തീരത്തുള്ള സിന്‍ഫ്യൂഗസ് നഗരത്തിനു സമീപമുള്ള കായാപൈഡ്ര എന്ന ദ്വീപ് കാസ്ട്രോയുടെ സ്വന്തമായിരുന്നെന്നും ഇവിടെ അക്വരാമ II എന്ന ചെറു ആഡംബരക്കപ്പലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തിന്നു കുടിച്ചും വായിച്ചും മീന്‍പിടിച്ചും കാസ്ട്രോ കഴിയുമായിരുന്നു എന്നാണ് പുസ്തകത്തില്‍ പറയുന്നത്.

ദി ഹിഡന്‍ ലൈഫ് ഓഫ് ഫിഡല്‍ കാസ്‌ട്രോ എന്നാണ് പുസ്തകത്തിന്റെ പേര്. പതിനേഴ് വര്‍ഷം ഫിഡല്‍ കാസ്‌ട്രോയുടെ അംഗരക്ഷകനായിരുന്നു ഗ്രന്ഥകര്‍ത്താവ്. പണവും അധികാരവും തലയ്ക്കു പിടിച്ചയാളാണ് കാസ്‌ട്രോയെന്നാണ് പുസ്തകത്തില്‍ പറയുന്നത്.

ആഡംബര ജീവിതം നയിക്കുമ്പോഴും പാവങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന വിപ്ലവകാരി എന്ന പ്രതിഛായ നില നിര്‍ത്താന്‍ കാസ്‌ട്രോ ശ്രദ്ധിച്ചിരുന്നതായി ജുവാന്‍ റിയനാള്‍ഡോ പുസ്തകത്തില്‍ പറയുന്നു. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വസിനെപ്പോലെ പ്രസിദ്ധരായ വ്യക്തികളാണ് ഈ ദ്വീപില്‍  കാസ്‌ട്രോയുടെ ആഥിത്യം സ്വീരിക്കാനെത്തിയിരുന്നത്.

എന്നാല്‍ ക്യൂബയിലെ ഭൂരിഭാഗം ആളുകള്‍ക്കും കാസ്‌ട്രോയുടെ ഈ ദ്വീപിനെപ്പറ്റിയോ ഡംബരക്കപ്പലിനെപ്പറ്റിയോ അറിവില്ല.  മാധ്യമങ്ങള്‍ക്ക് അവിടെ സ്വാതന്ത്ര്യമില്ലാത്തതിനാല്‍ അവര്‍ ഇക്കാര്യം അറിയാനും പോകുന്നില്ലെന്ന് പുസ്തകത്തില്‍ പറയുന്നു.

ചെറുപ്പകാലത്ത് കാസ്‌ട്രോയ്ക്ക് ധാരാളം കാമുകിമാരുണ്ടായിരുന്നുവെന്നും. രണ്ടാം ഭാര്യയില്‍ അദ്ദേഹത്തിന് അഞ്ച് പുത്രന്‍മാരുണ്ട് എന്നും എല്ലാവരിലുമായി ഒമ്പത് മക്കളുണ്ടെന്നും പറയപ്പെടുന്നു. പ്രായമായപ്പോള്‍ വയാഗ്രയുടെ സ്ഥിരം ഉപഭോക്താവായിരുന്നു എന്നു പുസ്തകം പറയുന്നു.

കാസ്‌ട്രോയ്ക്ക് സില്‍വിനോ അല്‍വരസ് എന്ന ഒരു അപരനുമുണ്ട്. കാസ്‌ട്രോക്ക് പറ്റാത്തപ്പോള്‍ ഇയാളാണ് പരിപാടികളില്‍ പങ്കെടുത്തിരുന്നത് എന്ന ഗുരുതരമായ ആരോപണവും പുസ്തകത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്. 2008 അനുജന്‍ റൗള്‍ കാസ്‌ട്രോയ്ക്ക് അധികാരം കൈമാറിയത്ത് കാസ്‌ട്രോ കുടുംബത്തിന് അധികാരം നില നിര്‍ത്തുന്നതിന് വേണ്ടിയാണ് എന്നും ആരോപണമുണ്ട്.

എന്നാല്‍ കാസ്ട്രൊ താന്‍ കൊല്ലപ്പെടും എന്ന് എപ്പോഴും ഭയപ്പെട്ടിരുന്നതിനാല്‍ ഭക്ഷണം മറ്റൊരാള്‍ക്ക് നല്‍കി പരിശോധിച്ചിട്ടേ കഴിക്കുമായിരുന്നുള്ളൂ. ജര്‍മനിയില്‍ നിന്ന് എത്തിയിരുന്ന വാഹനം പൊളിച്ചുനോക്കി സുരക്ഷ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.

ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും തോക്കും കൂടെയുണ്ടായിരിക്കും. കാസ്‌ട്രോ ഉപയോഗിക്കുന്ന മെഴ്‌സിഡസ് ബെന്‍സില്‍ എപ്പോഴും വിശിഷ്ട ഭക്ഷണങ്ങളുടെ ശേഖരം ഉണ്ടാകും. മാത്രമല്ല മതിയായ ആയുധങ്ങളും ഉണ്ടായിരിക്കും. ലോകത്തിലെ ധനവാനായ രാഷ്ട്രത്തലവന്‍മാരില്‍ ഒരാളെന്ന് ഫോബ്‌സ് മാസിക 2005ലും 2006ലും കാസ്‌ട്രോയെ പ്രഖ്യാപിച്ചിരുന്നു. അതിനെ സാധൂകരിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍