ഇറാനില്‍ വന്‍ ഭൂചലനം; പ്രകമ്പനം യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍

Webdunia
ശനി, 2 ജൂലൈ 2022 (08:08 IST)
ഇറാനില്‍ വന്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. റിക്ടെര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇറാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ബന്ദര്‍ ഖാമിര്‍ പ്രദേശത്താണ് ശക്തമായ ഭൂചലനമുണ്ടായത്.
 
അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യത്തെ ഭൂചലനത്തിനു ശേഷം റിക്ടെര്‍ സ്‌കെയില്‍ 6.3 വരെ തീവ്രത രേഖപ്പെടുത്തിയ രണ്ട് തുടര്‍ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആദ്യത്തെ ഭൂചലനത്തിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 
 
ആദ്യ ഭൂചലനത്തിനു ശേഷം നിരവധി പേര്‍ ഫ്‌ളാറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയതിനാല്‍ തുടര്‍ ചലനങ്ങളില്‍ വലിയ അപകടം ഒഴിവായി. ബന്ദറെ ഖാമിറില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1.32 നായിരുന്നു ഭൂചലനം. 
 
ഇറാനിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ പ്രകമ്പനം രേഖപ്പെടുത്തി. ദുബൈ, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍ എന്നീ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം ഉണ്ടായതായി അനുഭവസ്ഥര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. 
 
യുഎഇയില്‍ ഒരിടത്തും ഭൂചലനം മൂലം യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് എന്‍.സി.എം വ്യക്തമാക്കി. സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ ഇതേസമയം ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article