പാകിസ്ഥാനിലെ കറാച്ചിയില്‍ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ ഏഴ് കുട്ടികളടക്കം 13 പേർ മരിച്ചു. ഒരു കുടുംബത്തിലെ തന്നെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഏഴ് കുട്ടികള്‍ക്കു പുറമേ മൂന്ന് സ്ത്രീകളും ദുരന്തത്തില്‍ മരിച്ചിട്ടുണ്ട്. മൂന്ന് പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. തെരച്ചില്‍ തുടരുകയാണ്.
പുലർച്ചെ രണ്ട് മണിയോടെ ഗരത്തിലെ ഗുല്‍സ്ഥാന്‍-ഇ -ജുഹാര്‍ ചേരിയിലെ തൊഴിലാളി ക്യാമ്പുകള്‍ക്ക് മുകളിലേയ്ക്ക് മണ്ണും വലിയ പാറക്കല്ലുകളും വന്നു പതിക്കുകയായിരുന്നു. കിഴക്കൻ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള ഒരു തൊഴിലാളി കുടുംബമാണ് ദുരന്തത്തിന് ഇരയായത്. പലരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. സുരക്ഷാ സംഘവും പൊലീസ് സംഘവും തെരച്ചില്‍ നടത്തുകയാണ്. പ്രദേശ വാസികളും തെരച്ചിലില്‍ പങ്കാളികളാകുന്നുണ്ട്. മൃതദേഹങ്ങള്‍ ജിന്ന ആശുപത്രിയിലേയ്ക്ക് മാറ്റി.