ദുബായില്‍ മരുഭൂമി വൃത്തിയാക്കല്‍ തുടങ്ങി, കിട്ടിയത് 581 ടണ്‍ മാലിന്യം!

Webdunia
ശനി, 10 മെയ് 2014 (16:16 IST)
ഗള്‍ഫ് രാജ്യങ്ങളില്‍ തണുപ്പുകാലം അവസാനിച്ചതോടെ ദുബായിലെ മരുഭൂമി ശീതകാല വിനോദ കേന്ദ്രങ്ങള്‍ വൃത്തിയാക്കുന്ന പണി സര്‍ക്കാര്‍ തുടങ്ങി. ദുബൈ എമിറേറ്റിലെ 17 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 360 ശീതകാല വിനോദ ക്യാമ്പുകളാണ് പ്രവര്‍ത്തിച്ചിരുന്നത്.

അല്‍ അംറാദി വാദി, അല്‍ വര്‍ഖ അഞ്ച്, മിര്‍ദിഫ്, ശബാക് വാദി, അല്‍ തായ്, യൂണിവേഴ്സിറ്റി സിറ്റി റോഡ് എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പുറമെ തണുപ്പ് കാലത്ത് ഒട്ടേറെ കുടുംബങ്ങളും ടൂര്‍ ഓപ്പറേറ്റര്‍മാരും മരുഭൂമികളില്‍ തമ്പുകള്‍ സ്ഥാപിക്കാറുണ്ട്.

ഇവരല്ലാം ഉപേക്ഷിച്ചു പോകുന്ന മാലിന്യങ്ങള്‍ മറ്റുന്ന പണിയാണ് ഇപ്പോള്‍ നടക്കുന്നത്. 2013 നവംബര്‍ മുതല്‍ 2014 ഏപ്രില്‍ വരെയുള്ള സീസണ്‍ സമയങ്ങളിലായി 581 ടണ്‍ മാലിന്യമാണ് നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ ശേഖരിച്ചത്.

മാലിന്യ നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ട് രാപ്പകല്‍ ഭേദമന്യേ വളണ്ടിയര്‍മാരെ നിയോഗിച്ചിരുന്നു.നിര്‍ദേശങ്ങള്‍ നല്‍കുന്ന 3100 ലഘുലേഖകള്‍ വിതരണം ചെയ്തു. കൂടാതെ 4,500 മാലിന്യ കൊട്ടകളും സ്ഥാപിച്ചു. എന്നാല്‍ ഇതൊന്നു വേണ്ടത്ര ഫലം കണ്ടില്ല.

വലിയൊരു ശതമാനം സന്ദര്‍ശകരും വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയുമ്പോള്‍ ചെറിയ ശതമാനം ആളുകള്‍ അവ പുറത്തു കളയാതെ വ്യവസ്ഥാപിതമായി സംസ്കരിക്കുന്നവരാണെന്നാണ് ദുബായ് നഗരസഭയുടെ കണക്കുകൂട്ടല്‍