ലോകത്തെ ആദ്യ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്ന ആവേശത്തിലാണ് ഇറ്റലിക്കാരനായ ന്യൂറോസര്ജന് ഡോ. സെര്‍ജിയോ കനാവെറോ. ഏറെ സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നത് റഷ്യക്കാരനായ വലേറി സ്പിരിദോനോവെയും. അടുത്ത വര്‍ഷമായിരിക്കും ലോകത്തിന്റെ തലവര മാറ്റിമറിക്കുന്ന ശസ്ത്രക്രിയ നടക്കുക. കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ വലേറി, വെര്‍ഡിങ് പോഫ്മാന് എന്ന ജനിതക രോഗ ബാധിതനാണ്. ശരീരത്തിലെ പേശികളും ഞരമ്പുകോശങ്ങളും നശിക്കുന്ന രോഗമാണിത്.
വീല്‍ചെയറില്‍ കഴിയുന്ന 31കാരനായ വലേറിയുടെ ശരീരം നാള്‍ക്കുനാള്‍ ശേഷിച്ചു വരികയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ശരീരം മാറ്റുക മാത്രമാണ് മാര്‍ഗമെന്ന് വലേറി പറയുന്നു. ഇത്തരത്തില്‍ ജീവിക്കുന്നതിനെക്കാള്‍ നല്ലത് പരീക്ഷണത്തിന് മുതിരുന്നതാണെന്ന് വലേറി വ്യക്തമാക്കി. സെര്‍ജിയോ കനാവെറോയോടൊപ്പം ചൈനീസ് സര്ജന് സിയാവോപിങ് റെന്നും ചേര്‍ന്നായിരിക്കും ശസ്ത്രക്രിയ നടത്തുന്നത്.
കുരങ്ങിലും എലിയിലുമെല്ലാം തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി വിജയം കൈവരിച്ച ആളാണ് കനാവെറോ. എന്നാല്‍ വൈദ്യശാസ്ത്രം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ ശരീരത്തിലേക്ക് വലേറി സ്പിരിദോനോവിന്റെ തലമാറ്റിവെക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി വലേറിയുടെ തലയുമായി യോജിക്കുന്ന ശരീരം കിട്ടേണ്ടതുണ്ട്. വലേറിയുടെ ശിരസ്സ് പത്തുഡിഗ്രിസെല്ഷ്യസില് തണുപ്പിച്ച ശേഷമാകും ശസ്ത്രക്രിയ. തലയിലെ കോശങ്ങള്‍ നശിക്കാതിരിക്കുന്നതിനാണിത്. വജ്രക്കത്തി ഉപയോഗിച്ചാണ് തലമുറിക്കുന്നത്. സുഷുമ്നകള്‍ കൂട്ടിച്ചേര്‍ക്കാന്‍ പോളി എത്തിലിന്‍ ഉപയോഗിക്കും. സ്പൈനല്കോഡിന്റെയും നാഡികളുടെയും പ്രവര്‍ത്തനം നിലനിര്‍ത്തുന്നതിന് ഇലക്ട്രോഡുകള്‍ ഉപയോഗിക്കും. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്നുനാല് ആഴ്ചകള്‍ വലേറി കോമ അവസ്ഥയിലായിരിക്കും.
ശസ്ത്രക്രിയ വിജയിക്കാന്‍ 90 ശകമാനം സാധ്യതയുണ്ടെന്നാണ് ഡോ. കനാവെറോ പറയുന്നത്. 150 വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ശസ്ത്രക്രിയക്കായി വേണ്ടിവരും. അറുപതുകോടി മുതല്‍ അറുനൂറ് കോടിവരെ രൂപ ഇതിനായി ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. അമേരിക്കയ്ക്കും യൂറോപ്പിനും പുറത്തുള്ള ഏതെങ്കിലും രാജ്യത്തായിരിക്കും ശസ്ത്രക്രിയ നടക്കുക. കാരണം ഇത്തരമൊരു ശസ്ത്രക്രിയക്ക് പാശ്ചാത്യ രാജ്യങ്ങളില്‍ നിയമസാധുതയില്ല.