Donald Trump and Narendra Modi: 'സൗഹൃദമുണ്ട്, പക്ഷേ മോദി ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയല്ല'; ഡൊണാള്‍ഡ് ട്രംപ്

രേണുക വേണു

ശനി, 6 സെപ്‌റ്റംബര്‍ 2025 (07:39 IST)
Donald Trump and Narendra Modi: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും തന്റെ സുഹൃത്തായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മോദിയുമായി വളരെ അടുത്ത ബന്ധം നിലനിര്‍ത്തുണ്ട്. ഇന്ത്യ-യുഎസ് ബന്ധത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ട്രംപ് പറഞ്ഞു. 
 
അതേസമയം മോദിയുമായി സൗഹൃദം ഉണ്ടെങ്കിലും അദ്ദേഹം ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണെന്ന് തോന്നുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തു. എഎന്‍ഐയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
' ഞാന്‍ എപ്പോഴും മോദിയുടെ സുഹൃത്തായിരിക്കും. അദ്ദേഹം മികച്ചൊരു പ്രധാനമന്ത്രിയാണ്. എന്നാല്‍ മോദി ഇപ്പോള്‍ ചെയ്യുന്ന പലകാര്യങ്ങളും എനിക്ക് ഇഷ്ടമല്ല. അങ്ങനെയാണെങ്കിലും ഇന്ത്യയും യുഎസും തമ്മില്‍ വളരെ മികച്ച ബന്ധം തുടരുന്നുണ്ട്. അതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല,' ട്രംപ് പറഞ്ഞു. 
 
റഷ്യയില്‍ നിന്ന് വലിയ തോതില്‍ എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നയത്തില്‍ നിരാശ തോന്നിയിരുന്നു. ഇക്കാര്യം താന്‍ ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ' ഞങ്ങള്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തി, 50 ശതമാനം തീരുവ. എനിക്ക് നരേന്ദ്ര മോദിയുമായി വളരെ നല്ല ബന്ധമുണ്ട്, അദ്ദേഹം വളരെ മികച്ച നേതാവാണ്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ഇവിടെ ഉണ്ടായിരുന്നു,'- ട്രംപ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍