കശ്മീര്‍ പ്രശ്നത്തില്‍ പാകിസ്ഥാന് ശക്തമായ മറുപടിയുമായി ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സമര്‍ഥിക്കാനാവാത്ത സംഭാഷണങ്ങളെ തള്ളിക്കളയുന്നതായി ഇന്ത്യ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ഇന്ത്യ മറുപടി നല്‍കിയത്.
ജമ്മു കശ്മീരിലെ ജനങ്ങള്‍ സമാധാനപരമായി സ്വീകരിച്ചതാണ് അവരുടെ വിധിയെന്നും അത് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതാണെന്നും അങ്ങനെയാണ് തുടരുന്നതെന്നും ഇന്ത്യന്‍ പ്രതിനിധി അഭിഷേക് സിംഗ് വ്യക്തമാക്കി. അതിനാല്‍ ബഹുമാനപ്പെട്ട പാക് പ്രസിധന്റിന്റെ സമര്‍ഥിക്കാനാവാത്ത സംഭാഷണങ്ങളെ ശക്തമായി തള്ളിക്കളയുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടത്തുവാനിരുന്ന വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചകള്‍ റദ്ദാക്കിയതില്‍ നിരാശയുണ്ടെന്നും മേഖലയിലെ പ്രശ്നപരിഹാരത്തിന് ജനഹിത പരിശോധന ആവശ്യമാണെന്നുമായിരുന്നു പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിവാദ പ്രസ്താവന.