ജെഎൻയുവിൽ നടന്ന മുഖംമൂടി അക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥി യൂണിയൻ നേതാവ് ഐഷി ഘോഷിനെതിരെ ഡൽഹി പോലീസ് കേസെടുത്തു. സർവകലാശാലയുടെ സർവർ റൂം നശിപ്പിച്ചെന്ന പരാതിയിൽ ഐഷിക്കും മറ്റ് പത്തൊമ്പത് പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അക്രമം നടന്നതിന്റെ തലേ ദിവസം ക്യാമ്പസിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ടാണ് കേസ്.
നേരത്തെ ഹോസ്റ്റൽ ഫീസ് വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിവരുന്ന സമരത്തിന് നേരെയാണ് മുഖം മൂടി സംഘം അക്രമം നടന്നത്. അക്രമത്തിന് പിന്നിൽ ഏബിവിപിയാണെന്നാണ് വിദ്യാർത്ഥികളും അധ്യാപകരും ആരോപിക്കുന്നത്. അക്രമത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 34 പേർക്ക് സാരമായി പരിക്കേറ്റിരുന്നു. ഈ അക്രമത്തിലാണ് ഐഷി ഘോഷിനും പരിക്കേറ്റത്. എന്നാൽ പരിക്കേറ്റ തലയുമായി തന്നെ ഐഷി സമരരംഗത്തേക്ക് വീണ്ടും തിരിച്ചെത്തുകയായിരുന്നു.
വിദ്യാർത്ഥികൾക്ക് നേരെ ഉപയോഗിച്ച ഓരൊ ഇരുമ്പുദണ്ഡിനും സംവാദങ്ങളിലൂടെ മറുപടി നൽകും. ജെഎൻയുവിന്റെ സംസ്കാരം എക്കാലവും നിലനിൽക്കും. അതിന് യാതൊരു വിധത്തിലുള്ള കോട്ടവും സംഭവിക്കില്ല. സർവകലാശാലയുടെ ജനാധിപത്യ സംസ്കാരത്തെ ഉയർത്തിപിടിക്കുമെന്നും വൈസ് ചാൻസലറെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നും ഐഷി ഘോഷ് ആവശ്യപ്പെട്ടു.