പൗരത്വഭേദഗതിക്കെതിരായുള്ള പ്രക്ഷോഭത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട് തീഹാർ ജയിലിൽ കഴിയുന്ന ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്നാണ് റിമാൻഡിൽ കഴിയുന്ന ചന്ദ്രശേഖർ ആസാദിനെ കൂടുതൽ പരിശോധനകൾക്കായി ദില്ലിയിലെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റിയത്. പൗരത്വനിയമഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ ആസാദിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ 21ന് ദില്ലി ജമാ മസ്ജിദിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖർ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 21ന് ആസാദിന്റെ ജാമ്യം നിരസിച്ച ദില്ലി കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. തിഹാർ ജയിലിൽ റിമാന്റിലായിരുന്ന ആസാദിന്റെ ആരോഗ്യനില മോശമായിട്ടും അധികൃതർ ചികിത്സ നിഷേധിക്കുകയാണെന്ന് പരാതി ഉയർന്നിരുന്നു. ഇതേതുടർന്ന് ആസാദിന് വൈദ്യസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.