ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പാഴ്‌വാക്കായി. പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഇസ്രായേല്‍ വ്യോമാക്രമണം പുനരാരംഭിച്ചു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇതോടെ, എട്ടാംദിവസത്തിലേക്കു നീണ്ട ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 200-ല്‍ എത്തി. എന്നാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനുശേഷം ഹമാസ് 50 റോക്കറ്റുകള്‍ വിക്ഷേപിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും ആക്രമണം തുടങ്ങിയതെന്നാണ് ഇസ്രായേലിന്റെ വാദം.
നേരത്തേ, ഈജിപ്ത് നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവില്‍ ഗാസയില്‍ വെടിനിര്‍ത്താമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. ഗാസയില്‍നിന്ന് വീണ്ടും ആക്രമണമുണ്ടായാല്‍ വെടിനിര്‍ത്തല്‍കരാര്‍ ഉപേക്ഷിക്കുമെന്ന് ഇസ്രായേല്‍ അറിയിക്കുകയും ചെയ്തിരുന്നു.
12 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ പൂര്‍ണമായും നടപ്പാക്കാനും 48 മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍-പലസ്തീന്‍ ഉന്നതതലപ്രതിനിധികളുടെ ചര്‍ച്ച കെയ്‌റോയില്‍ നടത്താനും ധാരണയായിരുന്നു. എന്നാല്‍ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ ഇത് അപ്രസക്തമായി.
ഗാസയില്‍ ഇടപെടുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണമെന്നാണ് ഹമാസിന്റെ പ്രധാന ആവശ്യം. ഇതിനിടെ, ഈജിപ്തില്‍നിന്ന് ഇസ്രായേലിനു നേരേ റോക്കറ്റാക്രമണമുണ്ടായി. നാലുപേര്‍ക്ക് പരുക്കേറ്റു. ഈജിപ്തിലെ സിനായില്‍നിന്ന് ഇസ്ലാമികഭീകരരാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ അറിയിച്ചു.