ഗാസയില്‍ മരണം 1500 കവിഞ്ഞു

Webdunia
ശനി, 2 ഓഗസ്റ്റ് 2014 (11:05 IST)
യു‌എന്‍ ആഹ്വാനം ചെയ്ത മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ ആഹ്വാനം തള്ളി ഇസ്രായേല്‍ വീണ്ടും ആക്രമണം തുടങ്ങി. ഹമാ‍സ് റോക്കറ്റ് ആക്രമണം നടത്തിയെന്നും സൈനികനെ തട്ടിക്കൊണ്ടുപോയെന്നും ആരോപിച്ചാണ് ഇസ്രായേല്‍ വീണ്ടും ആക്രമണം തുടങ്ങിയത്. ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഗാസയില്‍ മരിച്ചവരുടെ എണ്ണം 1500 കവിഞ്ഞു. നൂറ്റമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു. 
 
ഹമാസിന്റെ പ്രത്യാക്രമണത്തില്‍ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇതുവരെ ഇസ്രായേലിന്റെ ഭാഗത്ത് 63 സൈനികരും മൂന്ന് സാധാരണക്കാരും മരിച്ചു. 
 
വെള്ളിയാഴ്ച മുതല്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത കാര്യം കഴിഞ്ഞദിവസം രാത്രി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രഖ്യാപിച്ചത്. ഇസ്രായേലും ഹമാസും ഇത് അംഗീകരിച്ചുകൊണ്ട് പ്രസ്താവനയിറക്കുകയും ചെയ്തു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ഇരുവിഭാഗവും ആക്രമണം നിര്‍ത്തി. 
 
ജൂലായ് എട്ടിന് ആക്രമണം തുടങ്ങിയശേഷം ആദ്യമായാണ് ഇത്രയും ദീര്‍ഘമായ വെടിനിര്‍ത്തലിന് ആഹ്വാനമുണ്ടാവുന്നത്. എന്നാല്‍ സൈനികനെ ഹമാസ് തട്ടിക്കൊണ്ടുപോയതോടെ വെടിനിര്‍ത്തല്‍ അവസാനിച്ചെന്ന് ഇസ്രായേല്‍ പ്രഖ്യാപിക്കുകയും ആക്രമണം പുനരാരംഭിക്കുകയും ചെയ്തു.