ഡാലസിൽ നടന്ന മാർച്ചിനിടെ അജ്ഞാതരായ രണ്ടു പേർ നടത്തിയ വെടിവയ്പ്പിൽ നാലു പൊലീസുകാർ കൊല്ലപ്പെട്ടു. മാർച്ച് നടന്ന ഡൗൺടൗണിനു സമീപമുള്ള പാർക്കിങ്ങ് സ്ഥലത്തുനിന്നാണ് ഇവർ വെടിവയ്പ്പു നടത്തിയത്. വെടിവെയ്പ്പില്‍ ഏഴുപേർക്ക് പരുക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം നടന്നത്. മിനിസോട്ടയിലും ലൂസിയാനയിലുമുണ്ടായ പൊലീസ് വെടിവയ്പ്പിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനിടെയാണ് അപകടം നടന്നത്. ഒളിപ്പോരാളികളായ രണ്ടുപേരാണ് വെടിവയ്പ്പു നടത്തിയതെന്ന് പൊലീസ് മേധാവി വ്യക്തമാക്കി.
സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇവരാണോ ആക്രമണം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ അക്രമികളിൽ ഒരാളുടെ ചിത്രം ഡാലസ് പൊലീസ് പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.