കൊറോണ: ചൈനയിൽ ഞായറാഴ്ച മാത്രം മരിച്ചത് 97 പേർ, മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ലോകാരോഗ്യ സംഘടന

തിങ്കള്‍, 10 ഫെബ്രുവരി 2020 (17:10 IST)
ബെയ്‌ജിങ്: ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിയ്ക്കുന്നവരുടെ എണ്ണം ഭീതിജനകമായി ഉയരുന്നു. ഞായറാഴ്ച മാത്രം 97 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. 908 പേർ ഇതുവരെ വൈറസ് ബാധയെ തുടർന്ന് മരിച്ചു. വൈറസ് ബാധിച്ചവരുടെ എണ്ണം 40171 ആയി ഉയർന്നു. തിങ്കളാഴ്ച ചൈനീസ് അധികൃതർ പങ്കുവച്ച കണക്കുകൾ പ്രകാരമാണിത്.
 
ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധ വർധിച്ചേക്കാം എന്ന് ആശങ്ക പ്രകടിപ്പിച്ചിരിയ്ക്കുകയാണ് ലോകാരോഗ്യ സംഘടന. മറ്റു രാജ്യങ്ങളിലെ കൊറോണ വൈറസ് ബാധയെ കുറിച്ച് ഇപ്പോൾ പുറത്തുവന്നിരിയ്ക്കുന്ന വിവരങ്ങൾ മഞ്ഞുമലയുടെ അറ്റം മാത്രമാവാൻ സാധ്യതയുണ്ട് എന്നാണ് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗെബ്രിയെസൂസ് വ്യക്തമാക്കിയിരിയ്ക്കുന്നത്.
 
ചൈനയിലേയ്ക്ക് യാത്ര ചെയ്തിട്ടില്ലാത്തവരിൽ വൈറസിന്റെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്. ചെറിയതോതിൽ മാത്രമാണ് ഇതെങ്കിലും മറ്റു രാജ്യങ്ങളിലെ സാഹചര്യങ്ങൾ പരിഗണിയ്ക്കുമ്പോൾ വൈറസ് വ്യാപിയ്ക്കാൻ സാധ്യതയുണ്ട്. ചൈനയ്ക്ക് പുറത്ത് പതുക്കെയാണ് വൈറസിന്റെ വ്യാപനം,. എന്നാൽ ഇത് വേഗത കൈവരിച്ചുകൂടാ എന്നില്ല. ടെഡ്രോസ് അഥനോം ഗെബ്രിയെസൂസ് പറഞ്ഞു. ചൈനയ്ക്ക് പുറത്ത് 25 രാജ്യങ്ങളിൽ 300 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഹോങ്‌കോങിലും ഫിലിപ്പീൻസല്ലുമായി രണ്ട് മരണങ്ങളും ഉണ്ടായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍