ജപ്പാനിൽ പിടിച്ചിട്ട ആഡംബര കപ്പലിലെ 66 പേർക്ക് കൂടി കൊറോണ: കപ്പലിൽ ഇന്ത്യൻ ജീവനക്കാരും

അഭിറാം മനോഹർ

തിങ്കള്‍, 10 ഫെബ്രുവരി 2020 (16:20 IST)
ജപ്പാനിലെ യോകോഹോമ തീരത്ത് പിടിച്ചിട്ട ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിലെ 66 യാത്രക്കാർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതൊടെ കപ്പലിൽ വൈറസ് ബാധയേറ്റവരുടെ എണ്ണം 136 ആയി. ഇന്നലെ 70 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 3711 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതേ കപ്പലിൽ യാത്ര ചെയ്ത ഒരാൾക്ക് ഹോങ്കോങ്ങിൽ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കപ്പൽ യോകോഹാമ തീരത്ത് തടഞ്ഞിട്ടത്.
 
അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കപ്പലിലെ മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും പരിശോധിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ജപ്പാൻ ആരോഗ്യമന്ത്രി വ്യക്തമാക്കി. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രമെ യാത്രക്കാരെ പുറത്തുവിടു.
 
അതേസമയം ഇതുവരെ 160 പേരെയാണ് ജപ്പാനിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.ഇതിൽ 10 പേരെ ചൈനയിലെ വുഹാനിൽനിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവന്നതാണ്. 16 വിനോദസഞ്ചാരികൾക്കും അവർ സഞ്ചരിച്ച ബസിന്റെ ഡ്രൈവർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 
 
അതിനിടെ കപ്പലിൽ 160ഓളം ഇന്ത്യൻ ജീവനക്കാർ ഉണ്ടെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. ഇവരിലൊരാൾ സഹായം അഭ്യർഥിക്കുന്ന വീഡിയോ ഫേസ്‌ബുക്ക് വഴി പുറത്തെത്തിയിരുന്നു.യാത്രക്കാരിലും ഇന്ത്യക്കാരുണ്ടെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും വ്യക്തമാക്കി. ഇവരിൽ ആർക്കും വൈറസ് ബാധയേറ്റിട്ടില്ലെന്നും കാര്യങ്ങൾ സസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ജയ്‌ശങ്കർ ട്വീറ്റ് ചെയ്‌തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍