ഇനി കമ്പ്യൂട്ടറുകള്‍ സംസാരിക്കും, പാട്ടുപാടും, കൂടാതെ കഥയും പറയും!

Webdunia
വ്യാഴം, 5 മാര്‍ച്ച് 2015 (14:03 IST)
സ്മാര്‍ട്ട് ഫോണുകളില്‍ ഇപ്പോള്‍ സംസാരിച്ചുകൊണ്ട്  അത്യാവശ്യകാര്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്ന ആപ്ലിക്കേഷനുകള്‍ ഉണ്ട്. ഐഫോണിലെ 'സിരി', ആന്‍ഡ്രോയ്ഡ് ഫോണുകളിലെ 'ഗൂഗിള്‍ നൗ' വിന്‍ഡോസ് ഫോണുകളിലെ ‘കോര്‍ട്ടാന‘ തുടങ്ങിയവയാണ് ഇന്ന് പ്രചാരത്തിലുള്ള സൌണ്ട് സെര്‍ച്ച് ആപ്ലിക്കേഷനുകള്‍. എന്നാല്‍ നമ്മുടെ ദൈനം ദിന ജീവിതത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ അല്ലാതെ കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കേണ്ടതായി വരാറുണ്ട്. എന്നാല്‍ കമ്പ്യൂട്ടറുകളില്‍ നിലവില്‍ ഇത്തരം സംവിധാനങ്ങള്‍ ഇല്ല.
 
ഈ പരിമിതി ഒഴിവാക്കി ഭാഷയുടെ അതിര്‍വരമ്പില്ലാതെ ഒരു സുഹൃത്തിനോട് സംസാരിക്കുന്നതുപോലെ കമ്പ്യൂട്ടറുകളോടും റോബോട്ടുകളോടും സംസാരിക്കാന്‍ കഴിഞ്ഞാലോ. നിലവിലെ സാങ്കേതിക വളര്‍ച്ചനോക്കിയാല്‍ അതൊന്നും അപ്രാപ്യമല്ല എന്‍ മനസിലാക്കാം. എന്നാല്‍ കേട്ടോളു കമ്പ്യൂട്ടര്‍ നമ്മളൊട് സംസാ‍രിക്കുക മാത്രമല്ല കഥ പറയുകയും പാട്ടുപാടുകയുമൊക്കെ ചെയ്താല്‍ എങ്ങനിരിക്കും! അത്തരമൊരു സങ്കേതത്തിന്റെ പണിപ്പുരയിലാണ് യുഎസ് ഡിഫന്‍സ് അഡ്വാന്‍സ്ഡ് പ്രോജക്ട്‌സ് ഏജന്‍സി ( ഡാര്‍പ്പ).
 
ക്ലിക്കുകള്‍ കൊണ്ടും കീവേര്‍ഡുകള്‍ കൊണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഒരു ഉപകരണം എന്ന കാഴ്ചപ്പാടാണ് കമ്പ്യൂട്ടറുകളെപ്പറ്റി നമുക്ക് ഇപ്പോഴുള്ളത്. ഡാര്‍പ്പയുടെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ കമ്പ്യൂട്ടറുകള്‍ മനുഷ്യരേപ്പോലെ സംസാരിക്കാന്‍ തുടങ്ങും. കൂടാതെ നമ്മുടെ അംഗ്യങ്ങള്‍, മുഖഭാവം, സംസാര രീതി എന്നിവ മനസിലാക്കി പ്രതികരിക്കാനും സാധിക്കുന്ന പദ്ധതിയാണ് ഡാര്‍പ്പയുടെ പണിപ്പുരയിലുള്ളത്. 'കൊളാബൊറേറ്റീവ് കംപോസിഷന്‍' രീതിയില്‍ കമ്പ്യൂട്ടറുകള്‍ക്കും മനുഷ്യര്‍ക്കും ഒരു പൊതുധര്‍മം പങ്കാളിത്തത്തോടെ നിര്‍വഹിക്കാന്‍ കഴിയുമോ എന്നാണ് ആദ്യം ഇതിനായി പരിശോധിക്കുന്നത്. 
 
അതില്‍ പരിഗണിക്കപ്പെടുന്ന ഒരു പൊതുധര്‍മം കഥ പറച്ചിലാണ്. മനുഷ്യനും കമ്പ്യൂട്ടറും ചേര്‍ന്ന് വാക്യങ്ങള്‍ തുടരെ പറഞ്ഞ് ഒരു ചെറുകഥ പൂര്‍ത്തിയാക്കുക. ബ്ലോക്കുകളുപയോഗിച്ച് മനുഷ്യനും കമ്പ്യൂട്ടറും ചേര്‍ന്ന് മുന്‍കൂട്ടി തീരുമാനിക്കാതെ കളിപ്പാട്ടം നിര്‍മിക്കാനുള്ള 'ബ്ലോക്ക് വേള്‍ഡ്' ആണ് ഇത്തരത്തില്‍ പരീക്ഷിക്കപ്പെടുന്ന മറ്റൊരു പ്രക്രിയ. ഇതൊക്കെ കമ്പ്യൂട്ടറിനെ പഠിപ്പിച്ചെടുക്കുക എന്ന വിഷമമേറിയ പ്രകിയ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പഠനം കഴിഞ്ഞ് പുതിയ തലമുറ കമ്പ്യൂട്ടറുകള്‍ എന്ന് പുറത്തിറങ്ങുമെന്ന് മാത്രം വിവരമില്ല.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക