മുസ്ലീം വിഭാഗത്തിന് കനത്ത തിരിച്ചടി; താടി നീട്ടിവളര്‍ത്തുന്നതും മുഖപടം ധരിക്കുന്നതും നിരോധിച്ചു

ശനി, 1 ഏപ്രില്‍ 2017 (16:09 IST)
ലോകത്താകെ ഭീകരാക്രമണങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ചൈന നടത്തുന്ന പുതിയ നീക്കങ്ങള്‍ എതിര്‍പ്പ് നേരിടുന്നു.  

ചൈനയിലെ മുസ്ലിം പ്രദേശമായ സിങ്ജിയാങില്‍ താടി നീട്ടിവളര്‍ത്തുന്നതും മുഖപടം ധരിക്കുന്നതും നിരോധിച്ച നടപടിയാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

പൊതുസ്ഥലങ്ങളില്‍ മുഖം മറച്ച് നടക്കാനും പാടില്ലെന്ന് പ്രദേശിക ഭരണകൂടം അറിയിച്ചു. മുസ്ലീം വിഭാഗമായ ഉയിഗ്വറുകളെ ലക്ഷ്യമിട്ടാണ് ഈ നിയമങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ അയക്കാതിരിക്കുക, കുടുംബാസൂത്രണ നയങ്ങള്‍ അംഗീകരിക്കാതിരിക്കുക, വിവാഹം മതപരമായി മാത്രം നടത്തുക തുടങ്ങിയ രീതികളും വിലക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ടെലിവിഷന്‍ കാണുന്നത് പതിവാക്കണമെന്നും ഇത് നിരസിക്കുന്നത് ശിക്ഷാ നടപടികള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, സ്വന്തം രാജ്യത്തു നിന്നും ഇത്തരത്തില്‍ അവഗണന നേരിടേണ്ടിവരുന്നത് ഉയിഗ്വറുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക