ചൈനയിലും വടിവാള്‍ ആക്രമണം!

Webdunia
ബുധന്‍, 7 മെയ് 2014 (16:36 IST)
വടിവാളിനെ രാഷ്ട്രീയമായി ആയുധമാക്കിയതിന്റെ പേറ്റന്റ് കേരളത്തിനാണെന്നാണ് വയ്പ്പ്. എന്നാല്‍ ചൈനക്കാരും വടിവാളിനെ അക്രമായുധമാക്കിത്തുടങ്ങിയെന്നാണ് അവിടെ നിന്നു പുറത്തു വരുന്ന വിവരങ്ങള്‍. ചൈനയിലെ ഗ്വാങ്ചോ നഗരത്തിലെ റെയില്‍വേ സ്റ്റേഷനിലാണ് വടിവാള്‍ ആക്രമണം നടന്നത്.

ആയുധധാരികളായ നാലുപേര്‍ വടിവാള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ക്ക് വെട്ടേറ്റു. രണ്ട് സ്ത്രീകള്‍ക്കും മൂന്നു പുരുഷന്മാര്‍ക്കും ഒരു വിദേശിക്കുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇന്നലെ രാവിലെ സ്റ്റേഷനില്‍ എത്തിയ സംഘം കൈയില്‍ കരുതിയ നീളന്‍ വാള്‍ ഉപയോഗിച്ച് കണ്ണില്‍ കണ്ടവരെ വെട്ടിവീഴ്ത്തുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അക്രമികളിലൊരാളെ വെടിവെച്ചുകൊല്ലുകയും മറ്റുരണ്ടുപേരെ പിടികൂടുകയുമായിരുന്നു.ഗ്വാങ്ചോവില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. അക്രമത്തിന്റെ കാരണം വ്യക്തമല്ല.

ആയുധം മെയ്ഡ് ഇന്‍ ചൈനയാണെങ്കിലും നമ്മുടെ നാടന്‍ മാറിനില്‍ക്കുമെന്നാണ് കരുതുന്നത്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് മാധ്യമങ്ങളെ അറിയിച്ചു.