"മുട്ടുമടക്കില്ല": വിവാദ കാർട്ടൂണുകൾ പുനപ്രസിദ്ധീകരിച്ച് ഷാർലി എബ്‌ദോ

ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (19:32 IST)
2015 ജനുവരി ഏഴിന് തങ്ങളുടെ ഓഫീസിന് നേരെ നടന്ന ഭീകരാക്രമണത്തിന്റെ വിചാരണയ്‌ക്ക് മുന്നോടിയായി വിവാദമായ പ്രവാചക കാർട്ടൂണുകൾ വീണ്ടും പ്രസിദ്ധീകരിച്ച് ഫ്രാൻസിലെ ആക്ഷേപഹാസ്യ വാരികയായ ഷാർലി എബ്‌ദോ. ഞങ്ങൾ വിട്ടുകൊടുക്കില്ല, ഒരിക്കലും മുട്ടുമടക്കില്ല എന്ന് പുതിയ പതിപ്പിൽ വിവാദകാർട്ടൂണുകൾ പുനപ്രസിദ്ധീകരിച്ചുകൊണ്ട് വാരികയുടെ ഡയറക്‌ടർ എഴുതി.
 
വിവാദമായ ഷാർലി എബ്ദോയുടെ പ്രവാചക കാർട്ടൂൺ പുറത്തിറങ്ങിയതിനെ തുടർന്ന് 2015ൽ നടന്ന ഭീകരാക്രമണത്തിൽ ഫ്രാൻസിലെ ഏറ്റവും മികച്ച കാർട്ടൂണിസ്റ്റുകൾ ഉൾപ്പടെ 12 പേരായിരുന്നു കൊല്ലപ്പെട്ടത്. പ്രവാചകനെ നിന്ദിച്ചതിന്റെ ശിക്ഷയെന്ന പേരിൽ മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികളായ രണ്ടു പേരാണ് വെടിവയ്പ് നടത്തിയത്. ഭീകരാക്രമണം നടത്തിയവർ കൊല്ലപ്പെട്ടെങ്കിലും ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന 14 പേരുടെ വിചാരണയാണ് ബുധനാഴ്‌ച്ച ആരംഭിക്കുന്നത്.
 
പ്രവാചകനെക്കുറിച്ചുള്ള പുതിയ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കാൻ പലരും ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ അതിന് വ്യക്തമായ കാരണങ്ങൾ ഇല്ലാത്തതിനാലാണ് അത് ചെയ്യാതിരുന്നതെന്നും ഷാർലി എബ്‌ദോ വ്യക്തമാക്കി. വിചാരണ സമയത്ത് ഇവ പുനപ്രസിദ്ധീകരിക്കേണ്ടതിന്റെ ആവശ്യമുള്ളതായും ഷാർലി എബ്‌ദോ അവകാശപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍