ബ്രിട്ടണില്‍ ആദ്യമായി ഒരു പുരുഷന്‍ ഒരു കുഞ്ഞിനു ജന്മ നല്കാന്‍ പോകുന്നു. ഹെയ്‌ഡന്‍ ക്രോസ് എന്ന ഭിന്നലിംഗക്കാരനാണ് കുഞ്ഞിനു ജന്മം നല്കാന്‍ തയ്യാറെടുക്കുന്നത്. സ്ത്രീയായി ജനിച്ച ഹെയ്ഡന്‍ ഒരു കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടേ ലിംഗമാറ്റ ശസ്ത്രക്രിയ മാറ്റിവെച്ചിരിക്കുകയാണ്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് ബീജദാതാവിനെ കണ്ടെത്തിയത്. ഇതോടെ, യു കെയില്‍ ഒരു കുഞ്ഞിനു ജന്മം നല്കുന്ന ആദ്യപുരുഷന്‍ ആകും ക്രോസ്. കഴിഞ്ഞ മൂന്നു വര്‍ഷമായി നിയമപരമായി പുരുഷജീവിതം നയിച്ചുവരുന്ന ക്രോസ് പുരുഷനാകുന്നതിനുള്ള ഹോര്‍മോണ്‍ ട്രീറ്റ്മെന്റ് നടത്തിവരികയാണ്.
കുഞ്ഞു ജനിച്ചു കഴിഞ്ഞാല്‍ സ്തനങ്ങളും ഗര്‍ഭപാത്രവും നീക്കം ചെയ്യും. താന്‍ ഒരു നല്ല ഡാഡി ആയിരിക്കുമെന്നും ക്രോസ് വാഗ്ദാനം ചെയ്യുന്നു.
അതേസമയം സമ്മിശ്രവികാരങ്ങളാണ് തന്നെ ഭരിക്കുന്നതെന്ന് ക്രോസ് വ്യക്തമാക്കി. തനിക്ക് വളരെയധികം സന്തോഷമുണ്ട്, അതേസമയം, തന്റെ ലിംഗമാറ്റം ഇക്കാരണത്താല്‍ വൈകുന്നതില്‍ ആശങ്കയുണ്ടെന്നും ക്രോസ് വ്യക്തമാക്കുന്നു. കുഞ്ഞിനു ജന്മം നല്കിയശേഷം ക്രോസിന്റെ ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ണമായും നടത്തും.