ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി എസിയോ നെവസിനു നേരിയ മുന്‍തൂക്കം. രണ്ടാംഘട്ട വോട്ടെടുപ്പ് 26നു നടക്കാനിരിക്കെ നെവസിനു 45%, നിലവിലുള്ള പ്രസിഡന്റ് ദില്‍മ റൂസഫിനു 43% എന്നിങ്ങനെയാണ് ഏറ്റവും പുതിയ സര്‍വേയിലെ പിന്തുണ.
കഴിഞ്ഞ ദിവസം നടന്ന ടിവി സംവാദത്തിലും ഇരുവരും ഇഞ്ചോടിഞ്ചു പൊരുതി. സംവാദത്തില്‍ ആര്‍ക്കും വ്യക്തമായ മേല്‍ക്കൈ നേടാനായില്ല. ഇടതുപക്ഷക്കാരിയാണു നിലവിലെ പ്രസിഡന്റ് ദില്‍മ റൂസഫ്.
വ്യവസായികളെ പ്രോല്‍സാഹിപ്പിക്കണമെന്ന നിലപാടുകാരനാണു നെവസ്. ആദ്യഘട്ട വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും 51% വോട്ട് ലഭിക്കാത്ത സാഹചര്യത്തിലാണു രണ്ടാംഘട്ടം വേണ്ടിവന്നത്. ദില്‍മ റൂസഫിന് ശക്തമായ മേല്‍ക്കൈ ലഭിക്കുമെന്ന് പറയപ്പെടുന്നുവെങ്കിലും നെവസിന്റെ വര്‍ധിച്ചു വരുന്ന ജനപിന്തുണ പ്രതികൂലമായേക്കും.