ഇനി ബീഫ് കഴിച്ചതിന്റെ പേരില്‍ ആരും നിങ്ങളെ തല്ലിക്കൊല്ലില്ല, വരുന്നൂ കൃത്രിമ ഗോമാംസം...!

Webdunia
വെള്ളി, 23 ഒക്‌ടോബര്‍ 2015 (12:00 IST)
വിലക്കയറ്റം, ഭക്ഷ്യ ക്ഷാമം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ രാജ്യത്തെ അല്‍ട്ടുമ്പോള്‍ രാജ്യം ചുറ്റിക്കറങ്ങുന്നത് ഗോമാംസ തിന്നണമെന്നും അരുതെന്നും വാദിക്കന്നവരുടെ ചുറ്റുമാണ്. എന്നാല്‍ ഇന്ത്യയിലെ ഇത്തരം സംഘര്‍ഷങ്ങള്‍ എല്ലാം ഉണ്ടാകാന്‍ കാരണം പശുവിനെ കൊല്ലുന്നതാണല്ലോ. ഇനി അത്തരം സംഘര്‍ഷങ്ങള്‍ രാജ്യത്ത് സംഭവിക്കാതിരിക്കാന്‍ കൃത്രിമ ബീഫ് വരുന്നു.

കൃത്രിമം എന്ന് പറഞ്ഞാല്‍ പരീക്ഷണ ശാലയില്‍ വളര്‍ത്തി എടുത്ത ബീ‍ഫ്. പശുവിനെ കൊല്ലാതെ തന്നെ അതിന്റെ ഇറച്ചിയെടുത്ത് കഴിക്കാവുന്ന സംവിധാനമാണ് അണിയറയിലൊരുങ്ങുന്നത്. ഇക്കാര്യം നേരത്തെത്തന്നെ കണ്ടുപിടിച്ചതാണ്. പക്ഷേ ഇത് വാണിജ്യാടിസ്ഥാനത്തിൽ നടപ്പാക്കാനൊരുങ്ങുകയാണിപ്പോൾ. പശുവിന്റെ മൂലകോശത്തില്‍ നിന്ന് വളര്‍ത്തിയെടുത്ത കോശങ്ങള്‍ ഉപയോഗിച്ചാണ് കൃത്രിമമ മാംസം ഉണ്ടാക്കുക. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

പശുവിന്റെ മാംസ പേശിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത മൂല കോശങ്ങളില്‍ നിന്നാണ്‍ മാംസം രൂപപ്പെടുത്തുന്നത്. വേർതിരിച്ചെടുത്ത വളരെ കുറച്ച് മൂലകോശങ്ങൾ പരീക്ഷണശാലയിൽ ആവശ്യത്തിന് ന്യൂട്രിയന്റുകളും വളർച്ചയെ ത്വരിതപ്പെടുത്തുന്ന മറ്റ് രാസവസ്തുക്കളുമൊക്കെ ചേർത്ത് ‘കൾചർ’ ചെയ്യാൻ വയ്ക്കുകയെന്നതാണ് ആദ്യപടി. അതോടെ മൂലകോശം വികസിക്കാനും എണ്ണത്തിൽ വർധിക്കാനും തുടങ്ങും. ഇത്തരത്തിൽ മൂന്നാഴ്ചക്കകം പത്തുലക്ഷത്തിലേറെ മൂലകോശങ്ങളാണ് രൂപപ്പെടുക. ഇത് ഒരു പ്രത്യേക പാത്രത്തിലേക്കു മാറ്റും.

ഇത്തരത്തിൽ രൂപപ്പെടുത്തിയ മൂലകോശങ്ങളെല്ലാം ഒരു മസിൽ സ്ട്രിപ് പോലെ കൂട്ടിച്ചേർക്കും. ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് ‘മസിൽ സ്ട്രിപ്പുകൾ’ പാളികളായി ചേർത്തു വച്ച് മാംസത്തിന്റെ നിറം നൽകി കൊഴുപ്പിനോടൊപ്പം ചേർക്കുന്നതോടെ കൃത്രിമ മാംസം റെഡി. 2013 ഓഗസ്റ്റിലാണ് ലോകത്തിലാദ്യമായി കൃത്രിമ മാംസം തയാറാക്കിയത്.  എന്നാല്‍ നിലവില്‍ ഇത്രയും ചെറിയ അളവില്‍ മാംസം ഉണ്ടാക്കാന്‍ അന്ന് ചിലവായത് ഏകദേശം 1.98 കോടി രൂപയാണ്. നെതർലൻഡ്‌സിലെ മാസ്‌ട്രിച് യൂണിവേഴ്‌സിറ്റിയിലെ പ്രഫ.മാർക്ക് പോസ്റ്റാണ് പശുവിന്റെ മാംസപേശികളിലെ മൂലകോശങ്ങളിൽ നിന്ന് കൃത്രിമ മാംസം വികസിപ്പിച്ചെടുത്തത്.

നിര്‍മ്മാണ ചിലവ് വളരെ ഉയര്‍ന്നതായതിനാല്‍ പലരും ഈ ഉദ്യമത്തില്‍ നിന്ന് പിന്‍‌വാങ്ങിയിരുന്നു. എന്നാല്‍ വളരെ ചെലവു കുറഞ്ഞ രീതിയിൽ തയാറാക്കിയ കൃത്രിമമാംസം അഞ്ചു വർഷത്തിനകം പുറത്തിറക്കുമെന്നാണ് ഡച്ച് ശാസ്ത്രജ്ഞര്‍ പറയുന്നത്. കൂടുതൽ രുചികരവും എന്നാൽ വില കുറഞ്ഞതുമായ കൃത്രിമമാംസം തയാറാക്കി വിപണിയിലെത്തിക്കാൻ മോസ മീറ്റ് എന്ന കമ്പനിയുമായി ഇവര്‍ കരാറിലേര്‍പ്പെട്ടിട്ടുമുണ്ട്.

മൃഗങ്ങളെ വളർത്തിയെടുക്കാനുള്ള കഷ്ടപ്പാടും അതുവഴിയുണ്ടാകുന്ന സ്ഥല–ജല–ഊർജ നഷ്ടവുമെല്ലാം പരിഹരിക്കപ്പെടും. വിശ്വാസപരവും ശുചിത്വപരവുമായ എന്തു കാരണം പറഞ്ഞും മാംസാഹാരത്തെ തള്ളിപ്പറയുന്നവർക്കുള്ള മറുപടി കൂടിയായിരിക്കും ഈ കൃത്രിമ മാംസം.  അതായത് ഫ്രീസറിൽ സൂക്ഷിച്ചാലോ കറിവച്ചു കഴിച്ചാലോ ആരും കഴുത്തിനു പിടിയ്ക്കാൻ വരാത്ത തരം മാസം ഇനി നമ്മുടെ രാജ്യത്തും ഉടന്‍ എത്തിയേക്കുമെന്ന് തന്നെ.