മഹാത്മാ ഗാന്ധി തീവ്രവാദത്തിന് ജയിലിലായ വ്യക്തിയാണെന്ന് ബിബിസി. മഹാത്മാ ഗാന്ധിയും നെൽസൺ മണ്ഡേലയും വിൻസ്റ്റൺ ചർച്ചിലും പുരോഗമനതീവ്രവാദപരമായ ആശയങ്ങൾ പ്രചരിപ്പിച്ചവരാണ്. യുകെയിൽ 'വെറുക്കപ്പെട്ട പ്രസംഗം' നടത്തുന്ന അൽ മുഹാജിരോൻ, ഇസ്ലാം4യുകെ എന്നീ നിരോധിത സംഘടനകളുടെ തലവനായ അഞ്ജേം ചൗധരിയെയാണ് ബിബിസി എഡിറ്ററായ മാർക്ക് ഈസ്റ്റൺ ഗാന്ധിജിയുമായി ഉപമിച്ചത്.
താൻ വ്യാഴാഴ്ച പാർലമെന്റ് സ്ക്വയറിൽ നിന്നപ്പോൾ തീവ്രവാദത്തിന് ജയിലിലായ ഗാന്ധിയുടെ പ്രതിമ കണ്ടു. തീവ്രവാദ പ്രവർത്തനത്തിന് മണ്ഡേലയും ജയിലിലായിട്ടുണ്ട്. ജനങ്ങൾ പ്രിയപ്പെട്ടതെന്ന് കരുതുന്ന ചില മൂല്യങ്ങളെ ചോദ്യം ചെയ്യാൻ ചില സമയത്ത് തീവ്രവാദ കാഴ്ചപ്പാടുകൾ വേണമെന്നാണ് ചരിത്രം പറയുന്നത് എന്നാണ് മാർക്ക് ഈസ്റ്റൺ 'ന്യൂസ് അറ്റ് 10' എന്ന പരിപാടിയിൽ പറഞ്ഞത്. യു.കെ. ഗവൺമെന്റ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന തീവ്രവാദ വിരുദ്ധ ബില്ലിനെപ്പറ്റിയുള്ള പ്രത്യേക അവലോകനം നടത്തുന്നതിനിടെയാണ് സംഭവം. പ്രസംഗം വിവാദമായതോടെ സോഷ്യല്‍ മീഡിയകളില്‍ ബിബിസിക്കെതിരെ വിമര്‍ശനങ്ങള്‍ വ്യാപകമായി.