ബിബിസി ഡോക്യുമെന്ററിയെ തള്ളി വത്തിക്കാന്‍; ബ്രഹ്മചര്യ വ്രതത്തിനെതിരായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഒന്നും ചെയ്‌തിട്ടില്ല

Webdunia
ബുധന്‍, 17 ഫെബ്രുവരി 2016 (11:39 IST)
ആഗോള കത്തോലിക്ക സഭയുടെ മുന്‍ പരമാധ്യക്ഷന്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്‌ക്ക് വിവാഹിതയായ സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നെന്ന് പറയുന്ന ബിബിസി ഡോക്യുമെന്ററിയെ തള്ളി വത്തിക്കാന്‍. ബിബിസി പുറത്തുവിട്ട വാര്‍ത്ത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. മാര്‍പാപ്പയും അന്ന തെരേസ ടിമിനിക്ക എന്ന സ്‌ത്രീയും തമ്മില്‍ 32 വര്‍ഷത്തിലേറെ ബന്ധമുണ്ടായിരുന്നുവെങ്കിലും അതൊരു സുഹൃത് ബന്ധം മാത്രമായിരുന്നു. ബ്രഹ്മചര്യ വ്രതത്തിനെതിരായി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ യാതൊന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി.

അതൊരു സുഹൃത് ബന്ധമായിരുന്നുവെന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയോട് ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ക്കും മാര്‍പാപ്പയുടെ സമയത്ത് ജീവിച്ചിരുന്നവര്‍ക്കും നല്ലതുപോലെ അറിയാം. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല. കത്തുകളിലെ ഉള്ളടക്കവുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കുന്നുണ്ട്.

മാര്‍പാപ്പയ്‌ക്ക് തെരേസയുമായുള്ള ബന്ധത്തില്‍ അസാധാരണമായും രഹസ്യാത്മകമായും ഒന്നുമില്ല. നല്ലൊരു മനുഷ്യനും മര്യാദക്കാരനുമായ അദ്ദേഹത്തിന് ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. വരില്‍ സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഉണ്ടായിരുന്നു.  അവര്‍ അയച്ചിരുന്ന കത്തുകള്‍ക്ക് മറുപടി നല്‍കുകയെന്നമര്യാദ എന്നും അദ്ദേഹം പുലര്‍ത്തിയിരുന്നുവെന്നും വത്തിക്കാന്‍ പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു.

ബിബിസിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എഡ്വേഡ് സ്റ്റുവര്‍ട്ടനാണ് ഡോക്യുമെന്‍ററി തയാറാക്കിയിരിക്കുന്നത്. നാഷനല്‍ ലൈബ്രറി ഓഫ് ഇംഗ്ലണ്ടില്‍ നിന്ന് ലഭിച്ച 350ലേറെ കത്തുകളുടെ അടിസ്ഥാനത്തിലായിരുന്നു ഡോക്യുമെന്ററി തയാറാക്കിയത്.
2005ലാണ് ജോണ്‍ പോള്‍ മാര്‍പ്പാപ്പ മരിച്ചത്. 2014ല്‍ അന്ന തെരേസയും മരിച്ചു. അന്നയുടെ ഭാഗത്തുനിന്നുള്ള കത്തുകള്‍ വീണ്ടെടുക്കാന്‍ ബിബിസിക്ക് കഴിഞ്ഞിട്ടില്ല.