ഫിലേ പേടകത്തിന്റെ ബാറ്ററി തീരുന്നു; ആശങ്കയില്‍ ശാസ്ത്രലോകം

Webdunia
ശനി, 15 നവം‌ബര്‍ 2014 (10:01 IST)
ഫിലേ പേടകത്തിന്റെ ബാറ്ററിയുടെ ആയുസ് തീരാന്‍ മണിക്കൂറുകള്‍മാത്രം അവശേഷിക്കെ ശാസ്ത്രലോകം ആശങ്കയില്‍. വാല്‍നക്ഷത്രത്തില്‍നിന്നുള്ള പരീക്ഷണഫലങ്ങള്‍ ലഭ്യമായേക്കില്ലെന്നാണ് ആശങ്ക. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ(ഇസ) മാതൃപേടകമായ റോസറ്റയില്‍നിന്ന് വേര്‍പെട്ട് ഫിലേ ബുധനാഴ്ചയാണ് ഭൂമിയില്‍നിന്ന് 51 കോടികിലോമീറ്റര്‍ അകലെയുള്ള ചുര്യമോവ്- ഗെരാസിമെങ്കൊ വാല്‍നക്ഷത്രത്തില്‍ ഇറങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ച സ്ഥലത്തായിരുന്നില്ല ഫിലേ എത്തിയത്. ഇറങ്ങുന്നതിനിടെ രണ്ടുതവണ വാല്‍നക്ഷത്രത്തിന്റെ പ്രതലത്തില്‍ തട്ടി തെറിക്കുകയും ചെയ്തു.
 
വെളിച്ചംകുറഞ്ഞ സ്ഥലത്ത് ഇറങ്ങിയതാണ് ഫിലേയുടെ ബാറ്ററി തീരാനിടയാക്കുന്നത്. വാല്‍നക്ഷത്രം തുരന്നുള്ള പരിശോധനകളുടെ ഫലം ബാറ്ററി നിശ്ചലമായാല്‍ ഭൂമിയിലേക്ക് അയയ്ക്കാനാവില്ല. വാല്‍നക്ഷത്രം തുരന്ന് ഭാഗങ്ങള്‍ ശേഖരിക്കാന്‍ ഫിലേക്ക് കഴിഞ്ഞു. പേടകത്തിലെ സോളാര്‍പാനലുകള്‍ക്ക് നേരിയ സൂര്യപ്രകാശം ലഭിക്കുന്നുണ്ട്. എന്നാല്‍ ഉപകരണങ്ങള്‍ ശനിയാഴ്ചവരെ പ്രവര്‍ത്തിപ്പാക്കാനുള്ള വൈദ്യുതിമാത്രമേ അവശേഷിക്കുന്നുള്ളൂ. സൂര്യപ്രകാശമുള്ളിടത്തേക്ക് ഫിലേ നീങ്ങുമെന്ന നേരിയ പ്രതീക്ഷയാണ് ശാസ്ത്രജ്ഞര്‍ക്കുള്ളത്.
 
2004 മാര്‍ച്ച് രണ്ടിനാണ് റോസറ്റ പേടകം ഫ്രഞ്ച് ഗയാനയിലെ കുറൂ ബഹിരാകാശകേന്ദ്രത്തില്‍നിന്ന് വാല്‍നക്ഷത്രത്തെത്തേടി യാത്രതിരിച്ചത്. 600 കോടിയിലേറെ കിലോമീറ്റര്‍ താണ്ടി ഒരു പതിറ്റാണ്ട് പിന്നിട്ട യാത്രയ്‌ക്കൊടുവിലാണ് റോസറ്റ പേടകം അതിന്റെ ലാന്‍ഡറിനെ വാല്‍നക്ഷത്രത്തിലെ അജില്‍കിയ എന്ന് പേരിട്ട സ്ഥലത്തിറക്കിയത്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.