ഭീകരരെ പിടികൂടാന്‍ ഐടി കമ്പനികളുടെ സഹായം തേടും: ഒബാമ

Webdunia
ശനി, 19 ഡിസം‌ബര്‍ 2015 (14:06 IST)
ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരടക്കമുള്ളവരെ അമര്‍ച്ച ചെയ്യുന്നതിനും പിടികൂടുന്നതിനായി ഐടി കമ്പനികളുടെ സഹായം തേടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഭീകരസംഘടനകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതായി വ്യക്തമായിട്ടുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിച്ച് യുവാക്കളടക്കമുള്ളവരെ ഭീകരര്‍ സംഘത്തിലെത്തിക്കുന്നുണ്ട്. ഭീകരരുടെ ആശയങ്ങള്‍ പ്രചാരണത്തിനായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നും ഒബാമ പറഞ്ഞു.

കമ്പ്യൂട്ടറുകള്‍ക്ക് മാത്രം മനസ്സിലാകുന്ന തരത്തില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ പരിഭാഷപ്പെടുത്തുവാന്‍ കമ്പനികളെ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ നിയമ നിര്‍മ്മാണം നടത്തും. ഇന്റര്‍നെറ്റ് ആയുധമാക്കുന്നു ഭീകരരുടെ നീക്കം തടയുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.

ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകളുടെയും സിദ്ധാന്തങ്ങളുടെയും പ്രചോദനം ഉള്‍ക്കൊണ്ട് വ്യക്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുണ്ടെന്നാണ് വിലയിരുത്തല്‍. കാലിഫോര്‍ണിയയിലെ സാന്‍ബെര്‍ണാര്‍ഡിനോ യിലെ ഭീകരാക്രമണത്തേത്തുടര്‍ന്ന് സുരക്ഷ വീണ്ടും ചര്‍ച്ചാവിഷയമായ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിന് ഒബാമ മുന്‍കൈയെടുത്തത്.