രാജ്യത്ത് വംശവെറി രൂക്ഷമാകുന്നു: ബറാക് ഒബാമ

Webdunia
ചൊവ്വ, 23 ജൂണ്‍ 2015 (09:27 IST)
അമേരിക്കയിലെ സൌത്ത് കരോലിന ചര്‍ച്ചിലുണ്ടായ കൊലപാതകങ്ങള്‍ അമേരിക്കയെ പിടികൂടിയ വംശവെറിയെന്ന രോഗത്തിന്റെ സൂചനയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. അമേരിക്കയെ പിടികൂടിയ വംശവെറിയെ രാജ്യം കൂട്ടായി പ്രതിരോധിക്കാന്‍ തയ്യാറാകണം. കാലം ഒരുപാട് മുന്നോട്ട് പോയെങ്കിലും ഡിഎന്‍എയില്‍ വംശീയ വിദ്വേഷം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഒബാമ വ്യക്തമാക്കി.

വംശവെറിയുമായി ബന്ധപ്പെട്ട് കടുത്ത നടപടികള്‍ സ്വീകരിക്കാനായാല്‍ അമേരിക്കയുടെ വരുംതലമുറയെ സംരക്ഷിക്കാനാകു. തോക്കുകളുടെ ദുരുപയോഗം മൂലം 2013ല്‍ മാത്രം 11,000 പേര്‍ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്ത് സംജാതമായിരിക്കുന്ന വംശവെറിയെന്ന രോഗത്തിനെ തുടച്ചു നിക്കണമെന്നും ഒബാമ പറഞ്ഞു. അമേരിക്കയിലെ ഒരു ഇന്റര്‍നെറ്റ് മാധ്യമത്തിന് നല്‍കിയ  ഇന്റര്‍വ്യൂവിലാണ് ഒബാമ ഈ കാര്യം വ്യക്തമാക്കിയത്.

നോര്‍ത്ത് കരോലൈനയിലെ കറുത്ത വര്‍ഗക്കാരുടെ ചര്‍ച്ചില്‍ കഴിഞ്ഞയാഴ്ചയാണ് ഡിലന്‍ റൂഫ് എന്ന വെളുത്ത വര്‍ഗക്കാരനായ യുവാവ് ഒമ്പതുപേരെ വെടിവെച്ചു കൊന്നത്. ഒരു മണിക്കൂര്‍ നേരം കുര്‍ബാനയില്‍ പങ്കെടുത്ത ശേഷമായിരുന്നു അകത്തു കൂടിയവര്‍ക്കു നേരെ തുരുതുരാ വെടിയുതിര്‍ത്തത്. വെള്ളക്കാരുടെ മേല്‍ക്കോയ്മക്ക് ആഭ്യന്തരയുദ്ധം വീണ്ടും വരണമെന്ന് വിളിച്ചുപറഞ്ഞായിരുന്നു ആക്രമണം.