ക്യൂബക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍‌വലിക്കുമെന്ന് ഒബാമ; ഗ്വാണ്ടനാമോ അടച്ചുപൂട്ടണമെന്ന് റൗള്‍

Webdunia
ചൊവ്വ, 22 മാര്‍ച്ച് 2016 (10:36 IST)
ക്യൂബക്ക് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. മനുഷ്യാവകാശങ്ങളുടെ പേരില്‍ ഇനി ക്യൂബയുമായി തര്‍ക്കങ്ങള്‍ക്കില്ല. രാജ്യത്തിന്റെ ഭാവി തീരുമാനിക്കേണ്ടത് ക്യൂബന്‍ ജനത തന്നെയാണ്. ഉപരോധത്തിന്റെ കഴിഞ്ഞ അരനൂറ്റാണ്ട് ഞങ്ങളുടെയോ ക്യൂബന്‍ ജനതയുടെയോ താല്‍പര്യങ്ങള്‍ക്ക് ഹിതകരമായിരുന്നില്ല. അതുകൊണ്ടുതന്നെ അത് അവസാനിക്കേണ്ടത് ആവശ്യമാണ്. പക്ഷേ എന്നാണെന്ന കാര്യം പറയാനാകില്ലെന്നും റൗള്‍ കാസ്ട്രോയുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഒബാമ പറഞ്ഞു.

ഉപരോധത്തിന്റെ കാര്യത്തില്‍ യുഎസ് നിരവധി ഭരണനടപടികളെടുത്തിട്ടുണ്ട്. ഉപരോധം നീക്കാന്‍ യുഎസ് കോണ്‍ഗ്രസിലും സെനറ്റിലും ഭൂരിപക്ഷം ആവശ്യമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഇത്തരം സംഭാഷണങ്ങള്‍ ഇതിനുള്ള സാഹചര്യമൊരുക്കും.
ക്യൂബയിലെ മനുഷ്യാവകാശപ്രശ്നങ്ങളുടെ കാര്യത്തില്‍ പുറത്തുള്ളവര്‍ക്ക് ആശങ്കയുണ്ടെന്നും ഇത് പരിഹരിക്കപ്പെടണം. ക്യൂബയില്‍ വ്യവസായങ്ങള്‍ക്കുള്ള തടസ്സം ഒഴിവാക്കണമെന്ന് റൗള്‍ കാസ്ട്രോയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ഒബാമ വെളിപ്പെടുത്തി.

ഉപരോധം അവസാനിപ്പിക്കണമെന്നും ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടുകയോ തങ്ങള്‍ക്ക് തിരികെ തരുകയോ ചെയ്യണമെന്ന്  റൗള്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പൗരാവകാശ നിലവാരം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ 61 അന്താരാഷ്ട്ര മാനദണ്ഡങ്ങളുണ്ട്. ഇവയില്‍ ക്യൂബ 40 എണ്ണത്തോളം തങ്ങള്‍ പാലിക്കുന്നുണ്ട്.  നിരവധി അന്താരാഷ്ട്ര വിഷയങ്ങള്‍ ഒബാമയുമായി ചര്‍ച്ച ചെയ്‌തിട്ടുണ്ടെന്നും റൗള്‍ ചൂണ്ടിക്കാട്ടി.