ധാക്ക ആക്രമണത്തിന് പിന്നില്‍ മുസ്ലിം ഭീകര സംഘടനായായ ഇസ്ലാമിക് സ്‌റ്റേറ്റ് അല്ലെന്ന് ബംഗ്ലാദേശ്. ആക്രമണം നടത്തിയതു ബംഗ്ലദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയിലെ അംഗങ്ങളാണെന്ന് ബംഗ്ലദേശ് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് അവർക്ക് ആക്രമണത്തിൽ പങ്കില്ലെന്നു വ്യക്തമാക്കി ബംഗ്ലദേശ് സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. ജമായത്തുൽ മുജാഹിദ്ദീൻ ബംഗ്ലദേശ് എന്ന ഭീകരസംഘടനയിലെ അംഗങ്ങളാണ് ധാക്കയിൽ ആക്രമണം നടത്തിയതെന്ന് ആഭ്യന്തരമന്ത്രി ആസാദുസ്മാൻ ഖാൻ വാർത്താ ഏജൻസിയോടു പറഞ്ഞു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികക്കാലമായി ബംഗ്ലദേശിൽ നിരോധിച്ചിരിക്കുന്ന ഒരു സംഘടനയാണ് ജമായത്തുൽ മുജാഹിദ്ദീൻ ബംഗ്ലദേശ്. ഈ ആക്രമണത്തിന് പിന്നില്‍ ഇസ്‌ലാമിക് സ്റ്റേറ്റിന് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സുരക്ഷാസേനയുടെ തിരിച്ചടിയിൽ കൊല്ലപ്പെട്ട ആറു ഭീകരരുടെ ചിത്രങ്ങൾ ബംഗ്ലദേശ് പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഭീകരരെല്ലാം ഉന്നതവിദ്യാഭ്യാസം ലഭിച്ചവരും സാമ്പത്തികമായി ഉയർന്ന കുടുംബങ്ങളിൽ നിന്നുള്ളവരുമാണെന്ന് മന്ത്രി വ്യക്തമാക്കി. ആക്രമണം നടത്തിയ ഒരു ഭീകരനെ സുരക്ഷാസേന ജീവനോടെ പിടികൂടിയിരുന്നു.