ബംഗ്ലാദേശില്‍ അപകടകാരികളായ 518 തടവുകാര്‍ ജയില്‍ ചാടി; ഇന്ത്യന്‍ അതിര്‍ത്തിക്ക് 100 കിലോമീറ്റര്‍ മാത്രം അകലെ !

രേണുക വേണു

ചൊവ്വ, 6 ഓഗസ്റ്റ് 2024 (14:34 IST)
ബംഗ്ലാദേശില്‍ അഞ്ഞൂറിലേറെ തടവുകാര്‍ ജയില്‍ ചാടിയതായി റിപ്പോര്‍ട്ട്. ഷെര്‍പൂര്‍ ജില്ലാ ജയിലില്‍ നിന്ന് 518 പേര്‍ രക്ഷപ്പെട്ടതായാണ് വിവരം. ധാക്കയില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം നടക്കുന്നതിനിടെയാണ് തടവുകാര്‍ ജയില്‍ ചാടിയത്. ഇന്നലെ വൈകിട്ട് 4.30 നും 5.30 നും ഇടയിലാണ് സംഭവമെന്ന് യുണൈറ്റഡ് ന്യൂസ് ഓഫ് ബംഗ്ലാദേശ് റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
നാടന്‍ ആയുധങ്ങളും വടികളുമായി എത്തിയ അക്രമികള്‍ ജയില്‍ ഗേറ്റ് തകര്‍ക്കുകയും കെട്ടിടത്തിനു തീയിടുകയും ചെയ്തു. ഇതിനിടയിലാണ് തടവുകാര്‍ ജയില്‍ ചാടിയത്. രക്ഷപ്പെട്ട തടവുകാരില്‍ ആയുധധാരികളുമുണ്ട്. 
 
ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ മാത്രം അകലെയാണ് ഷെര്‍പൂര്‍ ജയില്‍. അതിനാല്‍ ഇന്ത്യ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രക്ഷപ്പെട്ടവരില്‍ 20 പേര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് വിവരം. അതിര്‍ത്തിയില്‍ ബിഎസ്എഫ് കൂടുതല്‍ സൈനികരെ വിന്യസിച്ച് സുരക്ഷ വര്‍ധിപ്പിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍