Bangladesh Political Crisis: ഇന്ത്യയുടെ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ സമാധാന അന്തരീക്ഷം നഷ്ടപ്പെട്ടിട്ട് ദിവസങ്ങള്‍ കുറേയായി. ഏറ്റവും ഒടുവില്‍ വിദ്യാര്‍ഥി കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയ്ക്ക് രാജിവെച്ച് നാടുവിടേണ്ടി വന്നു. ലണ്ടനിലേക്ക് പലായനം ചെയ്യാനാണ് ഷെയ്ഖ് ഹസീനയുടെ തീരുമാനം. നിലവില്‍ ഇന്ത്യയിലാണ് ഷെയ്ഖ് ഹസീന തുടരുന്നത്. ആഭ്യന്തര കലാപത്തില്‍ ഇതുവരെ 150 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ നോബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനസിനോട് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നോ നാളെയോ ആയി മുഹമ്മദ് യൂനസ് രാജ്യത്തിന്റെ ഇടക്കാല പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാര്‍ ജോലിയിലെ സംവരണത്തിനെതിരെയാണ് ബംഗ്ലാദേശിലെ വിദ്യാര്‍ഥികള്‍ അടങ്ങുന്ന യുവാക്കള്‍ പ്രതിഷേധം ആരംഭിച്ചത്. ആ പ്രതിഷേധം പിന്നീട് കലാപത്തിലേക്ക് വഴിമാറി, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം എന്ന നിലയിലേക്ക് എത്തുകയും ചെയ്തു. നിലനില്‍ക്കുന്ന സംവരണ നയങ്ങളില്‍ മാറ്റം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് യുവാക്കളുടെ പ്രതിഷേധം ആരംഭിച്ചത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയിലുള്ളവര്‍ക്ക് മാത്രം സര്‍ക്കാര്‍ ജോലികളും പ്രാതിനിധ്യവും ലഭിക്കുന്ന തരത്തിലാണ് നിലവിലെ സംവരണ നയം എന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രതിഷേധം കനത്തതോടെ സ്‌കൂളുകളും കോളേജുകളും അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിര്‍ബന്ധിതരായി.
ബംഗ്ലാദേശിലെ സംവരണ നയം
ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സംവരണ നയമാണ് ഷെയ്ഖ് ഹസീനയുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷവും തുടര്‍ന്നത്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയവര്‍ക്ക് പ്രത്യേക സംവരണം അനുവദിക്കുന്ന നയമായിരുന്നു അത്. സ്വാതന്ത്ര്യ സമര നേതാക്കളുടെ രണ്ട് തലമുറയ്ക്കു ശേഷവും ഇത്തരത്തിലുള്ള സംവരണം തുടരുന്നതില്‍ അനീതിയുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. സ്വാതന്ത്ര്യ സമര സേനാനികളുടെ തലമുറകള്‍ക്ക് സംവരണം തുടരുമ്പോള്‍ അത് ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിക്ക് മാത്രമാണ് ഗുണം ചെയ്യുന്നതെന്നും ലക്ഷകണക്കിനു മറ്റു യുവാക്കളുടെ അവസരം ഇല്ലാതാക്കുകയാണെന്നും സമരത്തിനു നേതൃത്വം നല്‍കുന്നവര്‍ ആരോപിച്ചു. 'ഷെയ്ഖ് ഹസീന ഏകാധിപതിയാണ്', 'ഇന്ത്യയിലെ മോദി ഭരണകൂടവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു' തുടങ്ങിയ കാരണങ്ങളും പ്രക്ഷോഭങ്ങളുടെ ആക്കം കൂട്ടി.
Bangladesh Political Crisis - All things to Know
1971 ലെ പാക്കിസ്ഥാനെതിരായ സ്വാതന്ത്ര്യ യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ കുടുംബങ്ങള്‍ക്ക് 30 ശതമാനം സംവരണം എന്നതായിരുന്നു ബംഗ്ലാദേശിലെ നയം. നിലവിലെ സംവരണ ക്വാട്ടയ്ക്കു പകരം മികവിന്റെ അടിസ്ഥാനത്തിലുള്ള സംവരണം കൊണ്ടുവരണമെന്ന് ഷെയ്ഖ് ഹസീനയോട് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഷെയ്ഖ് ഹസീനയുടെ വിവാദ പരാമര്‍ശം
പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ ഷെയ്ഖ് ഹസീന നടത്തിയ വിവാദ പരാമര്‍ശം സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി. 'രാജ്യത്തിനായി പോരാടിയവരുടെ കുടുംബങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനു പകരം രാജ്യത്തെ ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ചവര്‍ക്ക് സംവരണം നല്‍കണോ' എന്ന തരത്തിലുള്ള ഷെയ്ഖ് ഹസീനയുടെ പരിഹാസം പ്രതിഷേധക്കാരെ ചൊടിപ്പിച്ചു. വിദ്യാര്‍ഥി പ്രതിഷേധം കലാപത്തിലേക്ക് വഴിമാറിയത് അങ്ങനെയാണ്. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തിയാണ് ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍ എത്തിയതെന്ന ആരോപണവും പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നു.
പാക്കിസ്ഥാനെതിരായ ആരോപണം
തീവ്ര ഇസ്ലാമിസ്റ്റുകളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് അവാമി ലീഗ് ആരോപിക്കുന്നത്. നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ ഛത്ര ഷിബിര്‍ ആണ് കലാപത്തിനു മുന്നില്‍ നില്‍ക്കുന്നതെന്ന ആരോപണമുണ്ട്. പാക്കിസ്ഥാനിലെ ഐഎസ്‌ഐ വിഭാഗത്തിന്റെ പിന്തുണ ഛത്ര ഷിബിറിനു ലഭിക്കുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയെ (BNP) അധികാരത്തിലെത്തിക്കാനും ഷെയ്ഖ് ഹസീനയെ പുറത്താക്കാനും പാക്കിസ്ഥാന്റെ സഹായത്തോടെ ഛത്ര ഷിബിര്‍ നയിക്കുന്ന കലാപമാണ് ഇതെന്നും അവാമി ലീഗ് പറയുന്നു.
കലാപം തുടങ്ങിയത് ഇങ്ങനെ
പ്രതിഷേധക്കാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരും തമ്മില്‍ ജൂലൈ 16 നു നടന്ന ഏറ്റുമുട്ടലാണ് കലാപത്തിനു തുടക്കമിട്ടത്. ധാക്കയില്‍ വെച്ച് നടന്ന ഈ ഏറ്റുമുട്ടലില്‍ ആറ് പേര്‍ മരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കാനും രാജ്യത്ത് നിരോധനാജ്ഞയ്ക്കു സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഷെയ്ഖ് ഹസീന നിര്‍ബന്ധിതയായി. ഇതിനിടയില്‍ സര്‍ക്കാര്‍ ജോലിയിലെ സംവരണം പുതുക്കേണ്ടതില്ലെന്ന് സുപ്രീം കോടതിയും നിരീക്ഷിച്ചു. ഷെയ്ഖ് ഹസീന സര്‍ക്കാരിനു അനുകൂലമായ കോടതി വിധി കലാപം മൂര്‍ച്ഛിക്കാന്‍ കാരണമായി. ഷെയ്ഖ് ഹസീന ഏകാധിപതിയെ പോലെ കോടതിയേയും ഉപയോഗിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നു. പ്രതിഷേധക്കാര്‍ക്കൊപ്പം സൈന്യവും ചേര്‍ന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഇതേ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളും കലാപങ്ങളും ഷെയ്ഖ് ഹസീനയുടെ രാജിയിലേക്കും പലായനത്തിലേക്കും എത്തിച്ചു.
Sheikh Hasina and Narendra Modi
ഇന്ത്യ-ബംഗ്ലാദേശ് ബന്ധം
ഷെയ്ഖ് ഹസീനയും അവരുടെ പാര്‍ട്ടിയായ അവാമി ലീഗും ഇന്ത്യയുമായും മോദി ഭരണകൂടവുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. അതേസമയം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അടക്കമുള്ള ബംഗ്ലാദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ത്യക്കെതിരായ നിലപാട് തുടരുന്നവരാണ്. ഷെയ്ഖ് ഹസീനയുടെ ഇന്ത്യയുമായുള്ള അടുപ്പത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ തുടര്‍ച്ചയായി വിമര്‍ശിക്കാറുണ്ട്. മോദി ഭരണകൂടത്തിന്റേത് മുസ്ലിം വിരുദ്ധ സമീപനമാണെന്നാണ് ബംഗ്ലാദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമായും ആരോപിക്കുന്നത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനു പകരം പ്രതിപക്ഷ പാര്‍ട്ടികള്‍ അധികാരം പിടിക്കുമ്പോള്‍ അത് ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.