ആക്രമം തുടരുന്ന ഇറാക്കില്‍ പട്ടണങ്ങൾ ഒന്നൊന്നായി പിടിച്ച് ഐഎസ്ഐഎൽ ബാഗ്ദാദിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. തീവ്രവാദികൾ ബാഗ്ദാദിന് എൺപതു കിലോ മീറ്റർ അടുത്തെത്തിയെന്ന വിവരം.
എന്നാല്‍ ഇറാക്കിനെ തകർച്ചയിൽ നിന്നു രക്ഷിക്കാനുള്ള എല്ലാ സാദ്ധ്യതയും പരിശോധിക്കുമെന്ന അമേരിക്കയുടെ ഉറപ്പിൽ ജിഹാദി തീവ്രവാദികൾക്കെതിരെ ഇറാക്കി ഭരണകൂടം ചെറുത്തുനിൽപ്പ് ശക്തമാക്കി. ഇതിനായി എല്ലാ സഹായവും നൽകാൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ സഖ്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
മൊസൂളും തിക്രിതും പിടിച്ചശേഷം തങ്ങളുടെ കറുത്ത കൊടിയുയർത്തി മുന്നേറുന്ന ഐഎസ്ഐഎൽ തീവ്രവാദികൾ ദിയാലാ പ്രവിശ്യയിലെ സാദിയ, ജലാവ പട്ടണങ്ങൾ പിടിച്ചത് ഇറാനിലും പരിഭ്രാന്തി സൃഷ്ടിച്ചു. ഇറാന്റെ അതിർത്തിയോടു ചേർന്നാണ് ദിയാല.
അതിനിടെ കിർക്കുക് നഗരത്തിന്റെ നിയന്ത്രണം കുർദിഷ് സേന ഏറ്റെടുത്തു.
തങ്ങളുടെ സ്വയംഭരണ മേഖലയ്ക്കു പുറത്തുള്ള ഈ എണ്ണനഗരം പിടിച്ചെടുക്കാൻ കുർദുകളെ തുണച്ചത് ഇറാക്ക് ഭരണകൂടത്തിന്റെ നിഷ്ക്രിയത്വമാണ്. ഐഎസ്ഐഎൽ തീവ്രവാദികളിൽ നിന്ന് കിർക്കുകിനെ രക്ഷിക്കാനാണ് തങ്ങൾ പിടിച്ചതെന്നാണ് കുർദുകളുടെ വാദം.