പരീക്ഷണ ശാലയില്‍ കൃത്രിമമായി നിര്‍മ്മിച്ച കൈ ജീവനുള്ള ശരീരത്തില്‍ വച്ച് പിടിപ്പിച്ച് വൈദ്യശാസ്ത്രം പുതിയ നേട്ടം കൊയ്തു. അമേരിക്കയിലെ മസാച്ചുസറ്റ്‌സ് ജനറൽ ഹോസ്പിറ്റലിലാണ് ഈ പരീക്ഷണം വിജയം കണ്ടത്.പരീക്ഷണശാലയിൽ വികസിപ്പിച്ചെടുത്ത കൃത്രിമക്കൈ ഒരു എലിയിലാണ് വച്ചുപിടിപ്പിച്ചത്. പെട്ടെന്നുതന്നെ ശരീരത്തോട് ഇണങ്ങുകയും രക്തയോട്ടം സുഗമമാവുകയും ചെയ്ത കൃത്രിമക്കൈ എലി ഉപയോഗിക്കാനും തുടങ്ങി.
എലിയുടെ ശരീര കോശങ്ങള്‍ തന്നെ ഉപയോഗിച്ചാണ് കൃത്രിമമായി ഗവേഷകര്‍ കൈ വളര്‍ത്തിയെടുത്തത്. അതിനാല്‍ ഇതിനെ എലിയുടെ ശരീരം തിരസ്കരിക്കുകയില്ല. യുദ്ധങ്ങളിലും മറ്റ് അപകടങ്ങളിലും പെട്ട് കൈകാലുകൾ നഷ്ടപ്പെട്ട ലക്ഷക്കണക്കിനാളുകൾക്ക് പ്രതീക്ഷ നൽകുന്നതാണ് ഈ ഗവേഷണ വിജയം. ഈ പരീക്ഷണ വിജയം കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുന്നതിന് പ്രോത്സാഹനമയിരിക്കുകയാണ്. ഭാവിയില്‍ മനുഷ്യ ശരീരത്തില്‍ ഇത്തരം ശസ്ത്രക്രിയകള്‍ നടത്താന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
നിലവിൽ കൈകാലുകൾ മാറ്റിവെയ്ക്കാറുണ്ടെങ്കിലും അവയുടെ പ്രവർത്തനം പരിമിതമായിരിക്കും. വളരെ സങ്കീർണമായ ശസ്ത്രക്രിയയും പ്രതിരോധ മരുന്നുകളും ആവശ്യമാണെന്നത് പലരെയും ഇതിൽനിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതാണ് കൃത്രിമ അവയവങ്ങൾ.