തല്‍ബിയ്യത്ത് മന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഹജ്ജിന്‍റെ പ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന്. ശുഭ്ര വസ്ത്രധാരികളായ 20 ലക്ഷത്തോളം ഹാജിമാര്‍ ഇന്ന് അറഫയില്‍ ഒരുമിച്ച് കൂടും. മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെയാണ് അറഫാ സംഗമം. അതേസമയം, മിനായിലെ തമ്പുകളിലേക്ക് ആരംഭിച്ച തീര്‍ഥാടക ലക്ഷങ്ങളുടെ ഒഴുക്ക് മഹാപ്രവാഹമായി മാറിയിരിക്കുകയാണ്.
മിനാ താഴ് വരയില്‍ ഒരുമിച്ച് കൂടിയ തീര്‍ഥാടകര്‍ ഇശാ നമസ്കാരത്തിനു ശേഷം അറഫ ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയിരുന്നു. അര്‍ദ്ധരാത്രിയോടെ അറഫയിലേക്കുള്ള വഴികളെല്ലാം ഹാജിമാരെ വഹിച്ചുള്ള വാഹനങ്ങളെക്കൊണ്ട് നിറഞ്ഞു. ഇന്ന് ഉച്ചവരെ തീര്‍ഥാടക പ്രവാഹം തുടരും. നടന്നും വാഹനങ്ങളിലുമായി ഹാജിമാര്‍ ഒഴുകുകയാണ്. ഇന്ത്യന്‍ ഹാജിമാര്‍ ഇന്നലെ രാത്രി ഒന്‍പത് മുതല്‍ അറഫയിലേക്ക് പുറപ്പെട്ട് തുടങ്ങിയിരുന്നു. മെട്രോ ട്രെയിനിലാണ് ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ തീര്‍ഥാടകരുടെ യാത്ര. മെട്രോ സ്റ്റേഷന്‍ ഒന്നിനും രണ്ടിനും സമീപത്താണ് ഇവര്‍ സംഗമിക്കുക. 14 ലക്ഷത്തോളം വിദേശ ഹാജിമാര്‍ക്കൊപ്പം അറബ് നാടുകളിലെയും സൗദി അറേബ്യയിലെയും ലക്ഷങ്ങള്‍കൂടി അണിചേര്‍ന്നതോടെ ചൊവ്വാഴ്ച രാവിലെ മിനാ വഴികള്‍ വീര്‍പ്പുമുട്ടി.
അതേസമയം, മക്കയുടെ പരിസരപ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിച്ചു. മഴ മാറിയതോടെ കനത്ത ചൂടും ആരംഭിച്ചെങ്കിലും തീര്‍ഥാടനപുണ്യം തേടിയുള്ള യാത്രയില്‍ ഹാജിമാര്‍ ആഹ്ളാദപൂര്‍വം അണിചേര്‍ന്നൊഴുകുകയായിരുന്നു. മക്കയിലും പരിസരപ്രദേശങ്ങളിലും മഴയുടെയും പൊടിക്കാറ്റിന്റെയും മുന്നറിയിപ്പുണ്ടായതിനാല്‍ സിവില്‍ ഡിഫന്‍സും ഹജ്ജ് സേനയും ആവശ്യമായ മുന്‍കരുതലുകളെടുത്തു.