മൂന്ന് ബ്ലോഗർമാരെ കൊലപ്പെടുത്തിയ തീവ്ര ഇസ്ലാമിക സംഘടനയായ അന്‍സാറുള്ള ബംഗ്ലായെ ബംഗ്ലാദേശ് സർക്കാർ നിരോധിച്ചു. തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ ബംഗ്ലാദേശിൽ നിരോധനം ഏർപ്പെടുത്തുന്ന ആറാമത്തെ സംഘടനയാണിത്. മൂന്ന് മാസത്തിനിടെ മൂന്ന് ബ്ലോഗ് എഴുത്തുകാരെ കൊലപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് ബംഗ്ലാദേശ് സർക്കാരിന്‍റെ നടപടി.
33കാരനായ അനന്ത ബിജോയ് ദാസ് എന്ന ബ്ലോഗ് എഴുത്തുകാരനെ ഈ മാസം ആദ്യമാണ് തീവ്രവാദികൾ കൊലപ്പെടുത്തിയത്. നേരത്തെ അവിജിത് റോയ് ,വശിഖുർ റഹ്മാൻ എന്നീ എഴുത്തുകാരെയും മത തീവ്രവാദികൾ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ടു ലഭിച്ച പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സംഘടനയെ നിരോധിക്കാനുള്ള നടപടി കൈകൊണ്ടതെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസാദുസ്സമാൻ ഖാൻ കമൽ വ്യക്തമാക്കി.
കൊലപാതകവുമായി ബന്ധപ്പെട്ട് അൻസാറുള്ള ബംഗ്ലാ സംഘടനയിലെ തീവ്രവാദികളെ പൊലീസ് അറസ്റ്‍റ് ചെയ്തിട്ടുണ്ട്. സംഘടനയ്ക്ക് അൽ-ഖൊയ്ദയുമായി ബന്ധമുള്ളതായും അന്വേഷണ ഉദ്യാഗസ്ഥർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അൻസാറുള്ള ബംഗ്ലാ ടീം എന്ന സംഘടനയെ നിരോധിച്ചുകൊണ്ടുള്ള വിജ്‍ഞാപനം ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു.