തീറ്റിപ്പോറ്റാന്‍ വയ്യ...! അമേരിക്ക നാല്‍പ്പതിനായിരം സൈനികരെ പിരിച്ചുവിടും

Webdunia
ബുധന്‍, 8 ജൂലൈ 2015 (14:01 IST)
പ്രതിരോധ ചെലവ് കുത്തനെ വര്‍ദ്ധിക്കുന്നത് തടയുന്നതിനായി അമേരിക്ക തങ്ങളുടെ സേനയില്‍ നിന്ന് 40,000 സൈനികരെ ഒഴിവാക്കാന്‍ തീരുമാനിച്ചു. രണ്ടു വര്‍ഷം കൊണ്ട്  സൈനികരുടെ എണ്ണം കുറയ്ക്കാനാണ്  അമേരിക്ക ലക്ഷ്യമിടുന്നതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്യുന്നു.  സൈനികരെ  കുറയ്ക്കുന്നതിന്റെ  ഭാഗമായി വിവിധ രാജ്യങ്ങളില്‍  സേവനമനുഷ്ടിക്കുന്ന സേനാംഗങ്ങളെ തിരികെ  വിളിക്കാനും, പെന്റഗണ്‍  തീരുമാനിച്ചതായി  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ  ആഴ്ച്ച  അവസാനത്തോടെ  ഇതുസംബന്ധിച്ച് ഔദ്യോഗിക  പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  സൈനികര്‍ക്ക് പുറമെ 17,000ത്തോളം സൈനികേതര  ഉദ്യോഗസ്ഥരേയും  ഒഴിവാക്കുന്നുണ്ട്. 2017 ഓടെ  സൈനികരുടെ എണ്ണം 4,50,000മാക്കി കുറയ്ക്കുകയാണ്  ലക്ഷ്യം. 2012ല്‍  5,70,000 ഉണ്ടായിരുന്ന സൈനികരുടെ എണ്ണം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരാനാണ്  ഒബാമ ഭരണകൂടം ശ്രമിക്കുന്നത്.  

ഇതിന്റെ ആദ്യ പടിയായി അഫ്ഗാനിസ്ഥാനിലുളള  10000  സൈനികര്‍ 2016 ഓടെ സേവനം അവസാനിപ്പിച്ച്  നാട്ടില്‍ തിരിച്ചെത്തും. 2001ലെ  വേള്‍ഡ്  ട്രേഡ്  സെന്റര്‍ ആക്രമണത്തിനു  ശേഷമാണ്   അമേരിക്കന്‍  സേനാംഗങ്ങളുടെ  എണ്ണം  കുത്തനെ വര്‍ദ്ധിപ്പിച്ചത്.