പുതിയ സര്‍ക്കാരുമായി അടുക്കാന്‍ ഒരുമുഴം മുമ്പേ എറിഞ്ഞ് അമേരിക്ക

Webdunia
ചൊവ്വ, 13 മെയ് 2014 (12:30 IST)
ഇന്ത്യയില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ പുതിയ സര്‍ക്കാരുമായി ബന്ധം സ്ഥാപിക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നു.

ഇന്ത്യയുടെ അടുത്ത സര്‍ക്കാരുമായി അടുത്ത ബന്ധമുണ്ടാക്കാനും ഒന്നിച്ചു പ്രവര്‍ത്തിക്കാനും കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച്‌ യുഎസ്‌ പ്രസിഡന്‍ഡ്‌ ബറാക്ക്‌ ഒബാമ രാജ്യത്തിന് കത്തയച്ചു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പ്‌ വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ജനതയെ അഭിനന്ദിക്കുന്നെന്നും ഒബാമയുടെ കത്തില്‍ പറയുന്നു. നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകാനുള്ള സാധ്യത മുന്നില്‍ കണ്ടു കൊണ്ടു കൂടിയാണ്‌ ഒബാമയുടെ കത്തെന്ന്‌ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്‌.

കഴിഞ്ഞ രണ്ട്‌ ദശകങ്ങളായി തുടരുന്ന ശക്‌തവും സമഗ്രവുമായുള്ള ബന്ധം ഇന്ത്യന്‍, അമേരിക്കന്‍ പൗരന്‍മാര്‍ക്ക്‌ കൂടുതല്‍ സുരക്ഷയും സമൃദ്ധിയൃം ഉറപ്പാക്കിയെന്നും അത്‌ പുതുതായി നിലവില്‍ വരുന്ന ഭരണകൂടവുമായും തുടരാന്‍ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നതായും ഒബാമയുടെ കത്തില്‍ പറയുന്നു.

നേരത്തെ മോഡിയുമായി ഇടഞ്ഞു നിന്നിരുന്ന അമേരിക്കയുടെ ഇന്ത്യയിലെ അംബാസിഡര്‍ നാന്‍സി പവലിനെ അമേരിക്ക തിരികെ വിളിച്ചിരുന്നു. അതിനു പിന്നാലെ മോഡിയ്‌ക്ക് ഉണ്ടായിരുന്ന വിസ വിലക്ക്‌ പിന്‍വലിക്കാനുള്ള നടപടികള്‍ അമേരിക്ക ആരംഭിക്കുകയും ചെയ്തിരുന്നു. മോഡിക്ക് വിസ നല്‍കുന്നതിനെതിരെ നിലകൊണ്ടവരില്‍ പ്രമുഖയായിരുന്നു നാന്‍സി പവല്‍.