ഇറാഖിലെ ഫലൂജയില്‍ യുഎസിന്റെ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 250 ഐ എസ്‌ ഭീകരര്‍ കൊല്ലപ്പെട്ടു

വെള്ളി, 1 ജൂലൈ 2016 (10:01 IST)
ഇറാഖിലെ ഫലൂജയില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 250 ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. ഇസ്താംബുളിലെ അതാതുര്‍ക്ക് എയര്‍പോര്‍ട്ടില്‍ ഐസിസ് ആത്മഹത്യാ ബോംബ് ആക്രമണം നടത്തി 24 മണിക്കൂര്‍ തികയുന്നതിന് മുമ്പാണ് അമേരിക്ക ഇറാഖില്‍ ഐസിസ് താവളങ്ങളിലേക്ക് കടന്ന് കയറി ശക്തമായ തിരിച്ചടി നടത്തിയത്.
 
ഇതുവരെ സഖ്യസേന നടത്തിയതില്‍ ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസിന്റെ നേതൃത്വത്തിലുള്ള സംയുക്ത സേന ഫല്ലുജാഹില്‍ നടത്തിയ ആക്രമണത്തിലാണ് കൂട്ടത്തോടെ ഐസിസുകാര്‍ ചത്തൊടുങ്ങിയിരിക്കുന്നത്. ഭീകരരുടെ 260 വാഹനങ്ങളും തകര്‍ത്തെന്നാണ് അമേരിക്കന്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ ആഴ്ചകളില്‍ യുഎസ് ഐസിസിനെതിരെ നടത്തുന്ന പോരാട്ടങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫല്ലുജാഹില്‍ തങ്ങള്‍ വിജയം നേടിയെന്ന് ഇറാഖി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
 
കഴിഞ്ഞ ദിവസം തുര്‍ക്കിയിലെ ഇസ്താംബൂള്‍ അറ്റാതുര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 42 പേരാണ്‌ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും തെളിവുകള്‍ വച്ച്‌ നോക്കുമ്പോള്‍ ഇത് ഐസിസ് തന്നെയാണെന്നാണ് തുര്‍ക്കിയുടെ പ്രധാനമന്ത്രി ബിനാലി യില്‍ദ്റിം പറയുന്നത്. 2014 മുതല്‍ ഇറാഖിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഫലൂജ ഐഎസിന്റെ അധീനതയിലായിരുന്നു. ഫലൂജ തിരിച്ചു പിടിക്കാന്‍ ഇറാഖി സൈന്യം മാസങ്ങളായി ഭീകരരുമായി കടുത്ത പോരാട്ടത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഫലൂജയിലെ ഐഎസിന്റെ ശക്തി കേന്ദ്രം പിടിച്ചെടുത്തതായി ഇറാഖി സൈന്യം അവകാശപ്പെട്ടിരുന്നു.
 
ഐസിസിന്റെ നികൃഷ്ടത വെളിപ്പെടുത്തുന്ന ആക്രമണമാണ് ഇസ്താംബുളില്‍ നടന്നിരിക്കുന്നതെന്നാണ് സിഐഎ തലവന്‍ ജോണ്‍ ബ്രെന്നന്‍ വാഷിങ്ടണില്‍ വച്ച്‌ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തില്‍ യുഎസ് സഖ്യത്തിന് ഇപ്പോള്‍ നിര്‍ണായകമായ നീക്കമാണ് നടത്താന്‍ സാധിച്ചിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ അവര്‍ക്ക് ഇപ്പോഴും ഇത്തരം ആക്രമണങ്ങള്‍ നടത്താന്‍ ശേഷിയുണ്ടെന്ന് വെളിപ്പെട്ടതിനാല്‍ ഭീകരര്‍ക്കെതിരെയുള്ള നീക്കം ഇനിയും ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക