ഇന്തോനീഷ്യന്‍ നഗരമായ സുരബായയില്‍നിന്ന് സിംഗപ്പുരിലേക്കുപോയ എയര്‍ഏഷ്യ വിമാനം ജാവ കടലില്‍ തകര്‍ന്നുവീഴും മുമ്പ് അസാധാരണ വേഗത്തില്‍ കുതിച്ചുയര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. മിനിറ്റില്‍ 1,800 മീറ്റര്‍ എന്ന തോതില്‍ വിമാനം മുകളിലേക്ക് കുതിച്ചുയര്‍ന്നതായാണ് സൂചന. വിമാനം തകരന്നുന്നതിനു മുമ്പുള്ള അവസാന നിമിഷങ്ങളിലാണ് ഇത്തരം കുതിച്ചുയരല്‍ നടന്നത്. ഒരുപക്ഷെ വിമാനം തകരാന്‍ ഇത് കാരണമായതായും കരുതപ്പെടുന്നു.
റഡാര്‍ വിവരങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നാണ് ഈ സൂചന ലഭിച്ചത്. വിമാനം ഇത്തരത്തില്‍ കുതിച്ചുയര്‍ന്നതായി ഇന്തോനീഷ്യന്‍ ഗതാഗത മന്ത്രി ഇഗ്‌നേഷ്യസ് ജോനന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. റഡാര്‍ വിവരങ്ങള്‍ അനുസരിച്ച് വിമാന കുതിച്ചുയര്‍ന്നത് അസാധാരണമാണെന്നാണ് വിലയിരുത്തല്‍. ഒരു യാത്രാവിമാനം മിനിട്ടില്‍ ആയിരം മുതല്‍ രണ്ടായിരം അടി ഉയര്‍ത്തുക എന്നത് ഇന്നേവരെ നടക്കാത്ത കാര്യമാണ്. യുദ്ധവിമാനങ്ങള്‍ പോലും ഇത്തരത്തില്‍ കുത്തനേ ഉയര്‍ത്താറില്ല എന്നാണ് വ്യോമയാന വിദഗ്ദര്‍ പറയുന്നത്.
വിമാനം തകര്‍ന്നത് തീവ്രവാദി ആക്രമണം മൂലമല്ലെന്നു കഴിഞ്ഞയാഴ്‌ച സ്‌ഥിരീകരിച്ചിരുന്നു. വിമാനത്തിന്റെ കോക്‌പിറ്റ് വോയിസ് റെക്കോഡറില്‍നിന്നുള്ള വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തു പരിശോധിച്ചുവരികയാണ്. 53 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്താനായത്. കഴിഞ്ഞ 28-നാണ് വിമാനം ജാവ കടലില്‍ തകര്‍ന്നുവീണത്. 162 പേരാണു വിമാനത്തിലുണ്ടായിരുന്നത്. അതേസമയം വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 28-ന് പുറത്ത് വരും.