162 യാത്രക്കാരുമായി ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോകവെ കടലില്‍ തകര്‍ന്ന് വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ വാല്‍ ഭാഗം കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. കടലില്‍ നിന്നും ലഭിച്ച വാല്‍ ഭാഗത്ത് എയര്‍ ഏഷ്യയുടെ മുദ്രയുണ്ടെന്നും ഇത് കാണാതായ ക്യുഇസെഡ് 8501 വിമാനത്തിന്റെ ആണെന്നും തെരച്ചില്‍ സംഘം അറിയിച്ചു.
കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ ഭാഗങ്ങള്‍ക്കായുള്ള തെരച്ചില്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിലാണ് വാല്‍ ഭാഗം കണ്ടെത്തിയത്. അതേസമയം വിമാനത്തിന്റെ വിവരങ്ങളടങ്ങിയ ബ്ളാക് ബോക്സും മറ്റ് ഭാഗങ്ങളും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതുവരെ 40 മൃതദേഹങ്ങളാണ് കണ്ടത്തെിയിട്ടുള്ളത്. യാത്രക്കാരില്‍ ആരും തന്നെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നില്ല.
കാലാവസ്ഥ തെളിഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താനും വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്താനുമുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായേക്കും. ഈ മേഖലയില്‍ കാറ്റിന്റെ വേഗതയിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. ഇതിനിടെ, തകര്‍ന്ന വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് എയര്‍ ഏഷ്യ നഷ്‌ടപരിഹാരം നല്‍കണമെന്ന് ഇന്തോനേഷ്യ ആവശ്യപ്പെട്ടു. ഇതിനുള്ള ബാധ്യത എയര്‍ ഏഷ്യക്കുണ്ടെന്ന് ആക്‌ടിംഗ് എയര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡയറക്‌ടര്‍ പറഞ്ഞു.