എയിഡ്സിനു പരിഹാരം തേനിച്ചയിലുണ്ട്

Webdunia
ചൊവ്വ, 24 ജൂണ്‍ 2014 (17:48 IST)
മനുഷ്യന്റെ പ്രതിരോധ വ്യവസ്ഥയെ ബാധിച്ച് എയിഡ്സിലേക്ക് മനുഷ്യരെ തള്ളിവിടുന്ന  മാരകമായ ഹ്യൂമന്‍ ഇമ്യൂണോ ഡെഫിസീന്‍സി വൈറസിനെ(എച്ച്‌ഐവി) തുടച്ചു നീക്കാനുള്ള മാര്‍ഗ്ഗം ഗവേഷകര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍.

മാര്‍ഗ്ഗം കാണിച്ചു തന്നത് തേനീച്ചകളാണെന്നതാണ് കൌതുകം. എച്ച്‌ഐവിയെ നശിപ്പിക്കാന്‍ പറ്റുന്ന മരുന്നുകള്‍ ഇതുവരെ ശാസ്ത്ര ലോകത്തിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തേനീച്ച വിഷത്തിന് അതിനുള്ള കഴിവുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് തേനീച്ച വിഷത്തില്‍ അടങ്ങിയിരിക്കുന്ന മെലിറ്റിന്‍ എന്ന രാസവസ്തുവിന് എച്ച്‌ഐവി വൈറസുകളെ കൊന്നൊടുക്കുന്നത് കണ്ടെത്തിയത്.

മെലിറ്റിന് വൈറസിന്റെ ആവരണത്തെ നശിപ്പിക്കാന്‍ കഴിയും എന്നാണ് ഇവര്‍ക്ക് മനസിലാക്കാനായത്. കൊശങ്ങളെക്കാള്‍ ചെറുതായ എച്ച്‌ഐവി വൈറസുകളെ മാത്രം ആക്രമിക്കനുതകുന്ന തരത്തില്‍ മെലിറ്റിനെ നാനോകണങ്ങളാക്കുന്നതിലും ഗവേഷകര്‍ വിജയിച്ചിട്ടുണ്ട്.

എന്നാല്‍ ഇതിനെ മനുഷ്യ ശരീരത്തില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ല. ഈ സാങ്കേതിക തടസം കൂടി മറികടക്കാനായാല്‍ അതൊരു വിപ്ലവം തന്നെയാകും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ പുറത്തുവന്നത്. മെലറ്റിന്റെ നാനോ കണങ്ങളെ ലൈംഗിക ബന്ധത്തിലുപയോഗിക്കുന്ന ലൂബ്രിക്കന്റ് ജെല്ലുകളില്‍ ഉപയോഗിക്കാനാണ് നിലവിലെ തീരുമാനം.

ഇങ്ങനെയായാല്‍ ബന്ധപ്പെടുമ്പോള്‍ രോഗം പകരില്ലെന്നും എച്ച്‌ഐവി വൈറസിനെ ഇത് നശിപ്പിക്കുമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ജോഷ്വാ എല്‍ ഹുഡ് പറയുന്നു. രോഗികള്‍ക്ക് കുത്തിവയ്ക്കാന്‍ കഴിയുന്ന മരുന്നുകള്‍ക്കായും പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ലോകത്താകെ പ്രതിവര്‍ഷം 25 ലക്ഷം ആളുകള്‍ എച്ച്‌ഐവി ബാധിതരാകുന്നതായാണ് കണക്കുകള്‍.