തുര്‍ക്കിയില്‍ ഭരണം പിടിച്ചെടുക്കാന്‍ ഒരു വിഭാഗം സൈനികര്‍ നടത്തിയ അട്ടിമറി ശ്രമത്തില്‍ ഇതുവരെ 194 മരണം. 1500ലധികം പേരെ കസ്‌റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഒരു വിഭാഗം സൈനികര്‍ നടത്തിയ അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. തലസ്ഥാനമായ ഇസ്താംബൂളിൽനിന്നു സൈന്യത്തിന് നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടുവെന്നാണ് പുതിയ വിവരം.
രാജ്യത്ത് നിന്ന് പുറത്താക്കിയ ഗുലന്‍ എന്ന പുരോഹിതനാണ് അട്ടിമറി ശ്രമത്തിന് പിന്നിലെന്നും അതിന് ശ്രമിച്ചവര്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ഉര്‍ദുഗാന്‍ ഇസ്തംബൂളില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്നലെ അർധരാത്രിയോടെ തലസ്ഥാനമായ അങ്കാറയിലും ഇസ്തംബൂളിലും കടന്ന സൈന്യം വിമാനത്താവളവും പ്രധാന റോഡുകളും കൈവശപ്പെടുത്തിയത്. തുടർന്ന് ഇന്നു പുലർച്ചെയോടെ അധികാരം പിടിച്ചെടുത്തതായുള്ള സൈന്യത്തിന്റെ അവകാശവാദവും എത്തി. അങ്കാറയിൽ സൈനിക ഹെലികോപ്റ്ററിൽ നിന്ന് വെടിവയ്പുണ്ടായതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പലയിടത്തും സ്ഫോടന ശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്.
വ്യോമസേന ആസ്ഥാനത്തെ ജെറ്റ് വിമാനങ്ങൾ പിടിച്ചെടുത്താണ് അട്ടിമറിക്ക് തുടക്കമിട്ടത്. രാജ്യത്തെ വിമാനത്താവളവും പ്രധാന റോഡുകളും കൈവശപ്പെടുത്തിയതിനു ശേഷമാണ് സൈന്യം അധികാരം പിടിച്ചെടുത്തതായ അവകാശവാദവുമായി രംഗത്തെത്തിയത്.