അമേരിക്കയിലെ ബോസ്റ്റണില്‍ വാതക പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനങ്ങളെ തുടര്‍ന്ന് വിവിധയിടങ്ങളിലായി ആറ് പേർക്ക് പരിക്കേറ്റു. നൂറുകണക്കിന് സ്ഥലവാസികളെ ഒഴിപ്പിച്ചു. വ്യാഴാഴ്‌ച ഉണ്ടായ സ്‌ഫോടനത്തിൽ മിക്കതും വീടുകളിലായിരുന്നു.
കൊളംബിയ ഗ്യാസ് കമ്പനിയുടെ വാതക പൈപ്പ്‌ലൈനിൽ പ്രശ്‌നമുണ്ടായതിനെത്തുടർന്നാണ് ബോസ്റ്റണ്‍ നഗരത്തിലെ ലോറന്‍സ്, എന്‍ഡോവർ, നോര്‍ത്ത് എന്‍ഡോവര്‍ എന്നിവിടങ്ങളിലായി 40 കിലോമീറ്റര്‍ പ്രദേശത്ത് 70 ഇടങ്ങളിൽ സ്‌ഫോടനങ്ങളുണ്ടായത്.
100 വീടുകളിലെങ്കിലും സ്‌ഫോടനം നടന്നതായി കരുതുന്നു. വാതക പൈപ്പ് ലൈനിലുണ്ടായ അമിത മര്‍ദ്ദമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. സ്‌ഫോടനത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളിൽ തീ പടർന്നുപിടിച്ചെങ്കിലും ആൾക്കാരെ മാറ്റിപ്പാർപ്പിച്ചതുകൊണ്ട് വലിയൊരു അപകടം ഒഴിവായി.