51 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ വിട്ടയക്കും

Webdunia
ശനി, 18 മെയ് 2013 (18:17 IST)
PRO
PRO
തടവുശിക്ഷ പൂര്‍ത്തിയാക്കിയ 51 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കുമെന്ന് പാകിസ്ഥാന്‍. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. കാവല്‍ സര്‍ക്കാറിനെ നയിക്കുന്ന പ്രധാനമന്ത്രി മിര്‍ ഹസര്‍ഖാന്‍ ഖോസോ, നിയമമന്ത്രി അഹ്ബര്‍ ബിലാല്‍ സൂഫി, സിന്ധിലെ മുഖ്യമന്ത്രി സാഹിദ് കുര്‍ബാന്‍ അല്‍വി, ഉന്നതോദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലായിരുന്നു തീരുമാനം.

ഇന്ത്യയില്‍ തടവിലുള്ള പാക് പൗരന്മാരെ ഇന്ത്യ വിട്ടയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാക് പ്രധാനമന്ത്രി പറഞ്ഞു. പാക് ജയിലുകളില്‍ നിലവില്‍ 482 ഇന്ത്യക്കാരും ഇന്ത്യന്‍ ജയിലുകളില്‍ 496 പാകിസ്താനികളും തടവിലുള്ളതായി ഖോസോ അറിയിച്ചു.

മോചിപ്പിക്കുന്ന ഇന്ത്യന്‍ തടവുകാരുടെ മടക്കം സംബന്ധിച്ചും പാക് തടവുകാരുടെ മോചനം സംബന്ധിച്ചും ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഖോസോ നിര്‍ദേശം നല്കി.