കണ്ടാൽ ഇന്ത്യക്കാരൻ, ഇംഗ്ലീഷ് മാത്രം സംസാരിക്കുന്നു; പിതാവ് സൂപ്പർമാനെന്ന് കുഞ്ഞ്- അഞ്ചു‌വയസുകാരനെ തേടി രക്ഷിതാക്കളെത്തിയില്ല

Webdunia
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (08:44 IST)
മകനെ കാണാതായിട്ട് പത്തുദിവസം ആയിട്ടും അവനെ തേടി മാതാപിതാക്കൾ ഇനിയും എത്തിയിട്ടില്ല. സെപ്തംബർ ഏഴിനു ദുബായിലെ ഷോപ്പിംഗ് മാളിൽ വെച്ചാണ് പൊലീസിനു അഞ്ചവയസുകാരനായ കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിക്കുന്നത്. മാതാപിതാക്കൾക്കായി അന്വേഷിച്ചെങ്കിലും ഇതുവരേയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 
 
പിതാവിനെ കുറിച്ച് കുട്ടിയോട് ചോദിക്കുമ്പോൾ ‘സൂപ്പർമാൻ‘ എന്നാണ് കുട്ടി പറയുന്നത്. അവനെ പറഞ്ഞുപഠിപ്പിച്ചതും അങ്ങനെയായിരിക്കാം. കുട്ടിയെ മനഃപൂർവം ഉപേക്ഷിച്ചതാകാമെന്നാണ് ദുബായ് പൊലീസ് പറയുന്നത്. ദിവസങ്ങൾ ഇത്ര കഴിഞ്ഞ സ്ഥിതിക്ക് കുട്ടിയെ അന്വേഷിച്ച് മാതാപിതാക്കൾ ആരെങ്കിലും വരുന്നത് വരെ കുഞ്ഞിനെ സാമൂഹികക്ഷേമ സ്ഥാപനത്തിലേക്കോ, താത്കാലികമായി വളർത്താൻ തയ്യാറായി മുന്നോട്ടുവരുന്നവർക്കോ കൈമാറാനാണ് പോലീസ് തീരുമാനം.
 
ഇന്ത്യക്കാരനാണെന്ന് തോന്നിക്കുന്ന എന്നാൽ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന കുട്ടിക്ക് കുടുംബത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ല. കുട്ടിയെ നോക്കാൻ ബുദ്ധിമുട്ടായപ്പോൾ മാതാവ് കുഞ്ഞിനെ ഉപേക്ഷിച്ചതാകാം എന്ന നിഗമനത്തിലും പൊലീസെത്തിയിട്ടുണ്ട്. കുട്ടിക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും രക്ഷിതാക്കൾ പോലീസുമായി ബന്ധപ്പെടാൻ തങ്ങൾ കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article