മകളെ ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് യുവാവിനെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (17:58 IST)
മകളെ ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് യുവാവിനെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ ഖര്‍വാര വില്ലേജിലാണ് സംഭവം. ഖര്‍വാര സ്വദേശി പങ്കജ് (23) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവ് ഖവര്‍പാല്‍, സഹോദരന്‍ മോനു എന്നിവര്‍ അറസ്‌റ്റിലായി.
കോളേജ് വിദ്യാര്‍ഥിയായ പങ്കജ് ശല്യം ചെയ്യുന്നതായി പെണ്‍കുട്ടി പിതാവിനോടും സഹോദരനോടും പരാതിപ്പെട്ടിരുന്നു. സുഹൃത്ത് സോനുവിനൊപ്പമാണ് പങ്കജ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഒരു ഫോണ്‍ കോള്‍ വന്നതിന് പിന്നാലെ പങ്കജ് സോനുവിനോട് മടങ്ങാന്‍ പറഞ്ഞു.
താന്‍ പിന്നീട് എത്തിക്കോളാമെന്ന് പറഞ്ഞാണ് പങ്കജ് സോനുവിനെ മടക്കിയത്. എന്നാല്‍, രാത്രി വൈകിയും പങ്കജ് മടങ്ങിയെത്താതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. സോനുവും പങ്കജും പിരിഞ്ഞ സ്ഥലത്ത് വച്ച് രക്തപ്പാടുകള്‍ പൊലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരിച്ചിലില്‍ വനപ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.ഒളിവിലായിരിക്കുന്ന കൂട്ടുപ്രതിയും പെണ്‍കുട്ടിയുടെ അമ്മാവനുമായ പ്രമോദിനായുള്ള അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട പങ്കജ് ആര്‍ എസ് എസ് പ്രവര്‍ത്തകനാണെന്നാണ് റിപ്പോര്‍ട്ട്.