26/11: വിചാരണ പുനരാരംഭിച്ചു

ശനി, 29 ഓഗസ്റ്റ് 2009 (15:26 IST)
മുംബൈ ഭീകരാക്രമണ കേസില്‍ പ്രതികളായ അഞ്ചു ഭീകരരുടെ വിചാരണ പാക് കോടതി പുനരാരംഭിച്ചു. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയാ‍യ ലഷ്‌കര്‍-ഇ-തൊയ്‌ബ തലവന്‍ സഖിവുര്‍ റഹ്‌മാന്‍ ലഖ്‌വിയടക്കം അഞ്ച് ഭീകരരുടെ വിചാരണയാണ് പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതിയില്‍ പുനരാരംഭിച്ചത്.

ലഖ്‌വിയെ കൂടാതെ ലഷ്‌കര്‍-ഇ-തൊയ്‌ബയുടെ വാര്‍ത്താവിനിമയമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സറാര്‍ ഷാ, അബു അല്‍-ഖാമ, ഹമദ് അമിന്‍ സാദിഖ്, ഷാഹിദ് ജമില്‍ റിയാസ് എന്നിവരുടെ വിചാരണയാണ് ഇന്ന് നടക്കുന്നത്.

കനത്ത സുരക്ഷയില്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലെ രണ്ടാം നമ്പര്‍ കോടതിയിലാണ് വിചാരണ. വിചാരണയുടെ വിശദാംശങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് കോടതിയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനു മുമ്പ് ജൂലൈ 25ന് നടന്ന വിചാരണയിലും സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. വിചാരണ നേരിടുന്ന അഞ്ച് ഭീകരരും വിചാരണയുടെ സുഗമമായ നടത്തിപ്പിനായി ഇന്‍-ക്യാമറ സംവിധാനം നടപ്പാക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് ജഡ്ജി അംഗീകരിക്കുകയായിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പറഞ്ഞു.

വെബ്ദുനിയ വായിക്കുക