ഇന്ത്യയും യുഎസും നേപ്പാളിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ കടന്നുകയറ്റം നടത്തുന്നു എന്ന് നേപ്പാള്‍ ഭരണകക്ഷിയായ മാവോയിസ്റ്റ് പാര്‍ട്ടി. നേപ്പാള്‍ ദിനപ്പത്രമായ ‘കാഠ്മണ്ഡു പോസ്റ്റ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യുഎസ് ഇന്ത്യവഴി ചൈനയെ ചുറ്റുകയാണ്. അതിനാല്‍, നേപ്പാള്‍ ഇനിമുതല്‍ ന്യൂഡല്‍ഹിയുമായും ബീജിംഗുമായും തുല്യ അകലം പാലിക്കാനാണ് ഇഷ്ടപ്പെടുന്നത്, പാര്‍ട്ടിയുടെ പുറത്തുവിടാത്ത ഒരു രാഷ്ട്രീയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട് പത്രം പറയുന്നു.
ഇന്ത്യയുടെ വികസന ത്വര നേപ്പാളിന്‍റെ രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക കാര്യങ്ങളില്‍ കടന്നുകയറ്റം ഉണ്ടാക്കിയിട്ടുണ്ട്. ദേശീയതയെ കുറിച്ച് കൂടുതല്‍ ഗൌരവതരമായ സമീപനം നടത്താന്‍ പാര്‍ട്ടി കേന്ദ്ര സമിതി തീരുമാനിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലെ സാഹചര്യത്തില്‍ നേപ്പാള്‍ ദേശീയത അപകടത്തിലാണെന്നും ഇതിനെതിരെ പാര്‍ട്ടി പോരാട്ടം നടത്തുമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ്) നേതാവ് സി പി ഗുജരല്‍ പാര്‍ട്ടി സമ്മേളനത്തില്‍ പറഞ്ഞതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.