ഈജിപ്ത് മുന്‍ പ്രസിഡന്‍റ് ഹൊസ്‌നി മുബാറക് ജയില്‍ മോചിതനായി. കെയ്‌റോയിലെ ടോറാ ജയിലില്‍ നിന്നാണ് അദ്ദേഹം മോചിതനായത്. ഹെലികോപ്റ്ററില്‍ മുബാറക്കിനെ ജയിലിന് പുറത്തേക്ക് കൊണ്ടുപോയി. അദ്ദേഹത്തെ സൈനിക ആശുപത്രിയിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്. മുബാറക്കിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുമെന്നാണ് സൂചന.
അഴിമതിക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് ഹൊസ്‌നി മുബാറക്കിന് ജയില്‍ മോചിതനാകാനുള്ള വഴി തെളിഞ്ഞത്. മുബാറക് ഉടന്‍ ജയില്‍മോചിതനാകുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു.
മുബാറക് ജയില്‍ മോചിതനായെങ്കിലും സര്‍ക്കാര്‍ ഫണ്ട് വഴിമാറി ചെലവഴിച്ച കേസില്‍ മുബാറക്കിന്‍റെ മക്കളായ ഗമാലും ആലയും തടവില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുബാറക്കിന്‍റെ പേരില്‍ മറ്റു നിരവധി കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുമെന്നാണ് വിവരം.
2011 ല്‍ മുബാറക്കിനെ പ്രസിഡന്‍റ് പദവിയില്‍ നിന്ന് നീക്കുകയായിരുന്നു. 2011 ഫെബ്രുവരി 11നാണ് അദ്ദേഹം അറസ്റ്റിലാകുന്നത്.