യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി വിസ്കോണ്‍സിന്‍ പ്രൈമറിയില്‍ നടന്ന വോട്ടെടുപില്‍ ഹിലരി ക്ലിന്റണും ഡൊനാള്‍ഡ് ട്രംപിനും തിരിച്ചടി. ട്രംപിനെ പിന്തള്ളി ടെഡ് ക്രൂസ് വിജയിച്ചപ്പോള്‍ ഹിലരിക്ക് തിരിച്ചടി നല്‍കിയത് ബെര്‍ണി സാന്‍ഡേഴ്‌സ് ആണ്.
കനത്ത തോല്‍വി നേരിട്ടതോടെ പാര്‍ട്ടി നോമിനേഷന്‍ ലഭിക്കുന്നതിന് ആവശ്യമായ ഡെലഗേറ്റുകളുടെ പിന്തുണ ട്രംപിന് ലഭിക്കുമോ എന്ന ആശങ്കയുമുണ്ട്. മത്സരാര്‍ത്ഥികളുടെ കണ്‍വന്‍ഷനില്‍ ട്രംപിന് തിരിച്ചടി നല്‍കാമെന്ന പ്രതീക്ഷയിലാണ് എതിരാളികള്‍. നോമിനിയെ തെരഞ്ഞെടുക്കാനുള്ള കണ്‍വന്‍ഷനില്‍ പാര്‍ട്ടി നേതാക്കള്‍ മാത്രമാണ് പങ്കെടുക്കുന്നത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ കറുത്തവരും ലാറ്റിനോകളും അധികമില്ലാത്ത വിസ്‌കോണ്‍സിന്‍ സാന്‍ഡേഴ്‌അന്റെ വിജയവും പ്രതീക്ഷിച്ചിരുന്നതാണ്. അതേസമയം, ഇതിനോടകം തന്നെ ആവശ്യത്തിനു ഡെലഗേറ്റുകളെ നേടിയിട്ടുണ്ടെന്നും സാന്‍ഡേഴ്‌സിന് ഇനി വെല്ലുവിളി ഉയര്‍ത്താന്‍ കഴിയില്ലെന്ന പ്രതീക്ഷയാണ് ഹിലരി.
ഈ മാസം 19ന് ന്യൂയോര്‍ക്കിലാണ് അടുത്ത പ്രൈമറി. ഇപ്പോഴത്തെ നിലയനുസരിച്ച് ഇവിടെ വിജയിക്കുന്നവര്‍ക്ക് നോമിനേഷന്‍ ലഭിക്കുമെന്ന സ്ഥിതിയാണ് ഉള്ളത്. അതുകൊണ്ടുതന്നെ പോരാട്ടം അന്ത്യത്തോടടുക്കുമ്പോള്‍ ഹിലരിക്കും ട്രംപിനും വിജയം മാത്രമാകും ലക്ഷ്യം.